രാജേഷ് രവീന്ദ്രൻ മുഖ്യ വനം മേധാവിയാകും; ഗംഗാ സിംഗ് ഇന്നു വിരമിക്കും
Wednesday, April 30, 2025 2:39 AM IST
തിരുവനന്തപുരം: പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ രാജേഷ് രവീന്ദ്രൻ സംസ്ഥാനത്തെ മുഖ്യ വനം മേധാവിയാകും.
മുഖ്യ വനം മേധാവിയായ ഗംഗാ സിംഗ് ഇന്നു വിരമിക്കുന്ന ഒഴിവിലാണ് രാജേഷ് രവീന്ദ്രനെ പരിഗണിക്കുന്നത്. നിലവിലെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർമാർക്കു മാത്രമേ മുഖ്യ വനം മേധാവിയാകാൻ കഴിയുകയുള്ളൂ. നിലവിൽ ഈ തസ്തികയിൽ രാജേഷ് രവീന്ദ്രൻ മാത്രമേയുള്ളു.
1995 ബാച്ച് കേരള കേഡർ ഐഎഫ്എസ് ഉദ്യോഗസ്ഥനായ രാജേഷ് രവീന്ദ്രന്റെ പേര് മുഖ്യ വനം മേധാവി സ്ഥാനത്തേക്കു നിർദേശിച്ചു മുഖ്യമന്ത്രി പിണറായി വിജയന്, വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഫയൽ കൈമാറി.
മുഖ്യമന്ത്രി അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അദ്ദേഹം ചുമതലയേൽക്കും. നിലവിൽ പിസിസിഎഫ് (ഫോറസ്റ്റ് മാനേജ്മെന്റ്) തസ്തികയിൽ ജോലി നോക്കുകയാണ് രാജേഷ് രവീന്ദ്രൻ. ഇദ്ദേഹത്തിന് 2032 ജൂണ്‍ വരെ സർവീസുണ്ട്.
വന്യമൃഗ ആക്രമണം തടയാൻ ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്ത വനംമേധാവി ഗംഗാ സിംഗ് ഇന്നു വിരമിക്കും. ഉത്തരാഖണ്ഡ് സ്വദേശിയായ ഗംഗാ സിംഗ് 1988 ഐഎഫ്എസ് ബാച്ചുകാരനാണ്.
തിരുവനന്തപുരം സാമൂഹ്യ വനവത്ക്കരണ വിഭാഗം ആസ്ഥാനം, മണ്ണാർക്കാട് സൈന്റവാലി നാഷണൽ പാർക്ക് എന്നിവിടങ്ങളിൽ വിവിധ കാലയളവുകളിൽ ഡപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്ററായി സേവനം അനുഷ്ഠിച്ചു.
കോഴിക്കോട് സാമൂഹ്യവനവത്കരണ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, എഫ്എം ഐഎസ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡെറാഡൂണ്‍ ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി പ്രഫസർ എന്നീ തസ്തികകളിലും സേവനമനുഷ്ഠിച്ചു.