കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു
Wednesday, April 30, 2025 2:39 AM IST
കോതമംഗലം: കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമത്തിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കുട്ടന്പുഴ പിണവൂർക്കുടിയിലെ ആനന്ദൻകുടി ഗോത്രവർഗം ഉന്നതിയിലെ ചക്കനാനിക്കൽ സി.എം. പ്രകാശ് (61) ആണു മരിച്ചത്.
ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഉന്നതിയിൽ കാട്ടാനക്കൂട്ടം കൃഷിയിടത്തിലെത്തിയപ്പോൾ പ്രകാശും അയൽവാസികളായ രണ്ടുപേരും ചേർന്നു ടോർച്ച് തെളിച്ചും ഒച്ചവച്ചും പടക്കംപൊട്ടിച്ചും ആനകളെ തുരത്താൻ ശ്രമിച്ചു.
ആനകളിലൊന്ന് ഇവർക്കുനേരേ തിരിഞ്ഞതോടെ എല്ലാവരും ചിതറിയോടി. ഓടിയതിനുപിന്നാലെ പ്രകാശൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോതമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വനത്തിൽനിന്ന് കുറച്ചു ദൂരെയാണ് പ്രകാശിന്റെ വീടും കൃഷിയിടവും. ഈ ഭാഗത്ത് കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതു പതിവാണ്. രാത്രി ഉറക്കമിളച്ചിരുന്നാണ് ആനകളെ തുരത്തി കൃഷികൾ സംരക്ഷിക്കുന്നത്.
മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. ഭാര്യ: ഷെർലി. മക്കൾ: പ്രവീണ്‍ (സിവിൽ പോലീസ് ഓഫീസർ, തൃശൂർ), പ്രിയ (പിഎച്ച്ഡി വിദ്യാർഥിനി എംജി സർവകലാശാലാ കോളജ് കോട്ടയം, കെഎസ്യു സംസ്ഥാന കണ്‍വീനർ).