ഹയർ സെക്കൻഡറി അധ്യാപകരുടെ ഓണ്‍ലൈൻ സ്ഥലംമാറ്റം സങ്കീർണമായി തുടരുന്നു: മന്ത്രി
Wednesday, April 30, 2025 12:51 AM IST
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ ഹയർ സെക്കൻഡറി അധ്യാപകരുടെ ഓണ്‍ലൈൻ സ്ഥലംമാറ്റം വർഷങ്ങളായി സങ്കീർണമായി തുടരുന്നുവെന്നു മന്ത്രി വി. ശിവൻകുട്ടി.
2024-25 വർഷം ട്രാൻസ്ഫർ നടന്നില്ല. ഈ വർഷം പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന്റെ കൂടെ മേൽനോട്ടത്തിൽ ഈ പ്രക്രിയ സമയബന്ധിതമായി നടന്നുകൊണ്ടിരിക്കുകയാണ്. അപേക്ഷ ക്ഷണിച്ച് രണ്ടു ദിവസംകൊണ്ട് തന്നെ രണ്ടായിരം അപേക്ഷകൾ വന്നു.
ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ചരിത്രത്തിലാദ്യമായി മേയ് മാസത്തോടെ ഈ പ്രക്രിയ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അധ്യാപകർക്കുണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ പുതുതായി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി, ഹയർസെക്കൻഡറി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കൈറ്റ് സിഇഒ എന്നിവർ അംഗങ്ങളായ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതുക്കിയ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും മേയ് 13 മുതൽ അഞ്ചു ദിവസം സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നടത്തും.
പുതുക്കിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതു കൂടാതെ സംസ്ഥാനം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.