ഓട്ടോറിക്ഷയിൽനിന്നു ഡ്രൈവറെ വലിച്ചിട്ട സംഭവം; വനം ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിക്കു ശിപാർശ
Wednesday, April 30, 2025 12:51 AM IST
കുമളി: ഓടുന്ന ഓട്ടോറിക്ഷയിൽനിന്ന് ഡ്രൈവറെ വലിച്ചു റോഡിലിട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസർ സക്കീർ ഹുസൈനെതിരേ വകുപ്പുതല നടപടിക്കു ശിപാർശ. ഡ്രൈവറുടെ പരാതിയിൽ വനപാലകനെതിരേയും വനം ഉദ്യോഗസ്ഥന്റെ പരാതിയിൽ ഓട്ടോ ഡ്രൈവർക്കെതിരേയും പോലീസ് കേസെടുത്തു.
സർക്കാർ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഓട്ടോഡ്രൈവർക്കെതിരേ കേസെന്നും വനപാലകനെതിരേ വധശ്രമം ഒഴിച്ചുള്ള വകുപ്പുകളാണ് ചുമത്തിയതെന്നും കുമളി സ്റ്റേഷൻ ഓഫീസർ പി.എസ്. സുജിത്ത് പറഞ്ഞു. വകുപ്പുതല നടപടിക്കു ശിപാർശ ചെയ്തതായി തേക്കടി റേഞ്ച് ഓഫീസർ സിബി അറിയിച്ചു.
തേക്കടി ചെക്ക്പോസ്റ്റിൽ കഴിഞ്ഞയാഴ്ച അവസാനമാണ് വനപാലകൻ കാക്കിബലത്തിൽ ഗുണ്ടായിസം നടത്തിയത്. സംഭവത്തെത്തുടർന്ന് വനപാലകനെ തേക്കടി വനത്തിനുള്ളിൽ കൊക്കര ഭാഗത്തേക്കു സ്ഥലംമാറ്റിയെന്നും ഇയാൾ മെഡിക്കൽ ലീവിലാണെന്നും പറയപ്പെടുന്നു.
ഓട്ടോഡ്രൈവർ സംഘം ചേർന്ന് തേക്കടി ബോട്ട് ലാൻഡിംഗ് റോഡിൽ മദ്യപിച്ചെന്നും ചോദ്യംചെയ്ത വനപാലകർക്കെതിരേ ഡ്രൈവർ തട്ടിക്കയറിയെന്നുമാണ് വനപാലകരുടെ നിലപാട്. വനത്തിനുള്ളിൽ മദ്യപാനം, പുകവലി തുടങ്ങി ഏതുതരം വനേതര പ്രവൃത്തിയുണ്ടായാലും കുറ്റക്കാരെ കസ്റ്റഡിയിലെടുക്കാനും കേസെടുക്കാനും വനംവകുപ്പിനാകും. ഇവിടെ ഇതുണ്ടായില്ല.
വനത്തിനുള്ളിൽ കുറ്റകൃത്യം ചെയ്തെന്ന് വനം ഇദ്യോഗസ്ഥർക്കു വ്യക്തമായാൽ തേക്കടി ചെക്ക്പോസ്റ്റ് താഴ്ത്തി ആളെ പിടികൂടാമായിരുന്നു. ഇതും ഈ സംഭവത്തിലുണ്ടായില്ല. തുറന്നുവച്ച ചെക്ക് പോസ്റ്റിലൂടെ പൊതുറോഡിലേക്ക് മീറ്ററുകൾ ഓട്ടോ കടന്നുകഴിഞ്ഞപ്പോഴാണ് ചെക്ക്പോസ്റ്റിന് എതിർവശത്തെ കടത്തിണ്ണയിൽ നിന്നിരുന്ന ഉദ്യോഗസ്ഥൻ ഓടിയെത്തി ഓട്ടോഡ്രൈവറെ വലിച്ചു റോഡിലിട്ടത്.
റോഡിൽ വീണ ഡ്രൈവറെ എഴുന്നേൽപ്പിക്കാൻ പോലും ചുറ്റും കൂടിയ വനപാലകർക്ക് മനസുണ്ടായില്ല. ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥൻ ചെക്ക് പോസ്റ്റിനു സമീപം കടത്തിണ്ണയിലായിരുന്നു നിന്നിരുന്നത്.
ഡ്രൈവർ ഇല്ലാതെ പാഞ്ഞ ഓട്ടോ സമീപമുള്ള കടയിലേക്ക് ഇടിച്ചുകയറി. കടയുടെ മുന്നിൽ നിന്നിരുന്ന കുട്ടിയും കടയ്ക്കുള്ളിലുണ്ടായിരുന്നവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ചെക്ക് പോസ്റ്റിന് എതിർവശത്തുള്ള സിസിടിവി കാമറയിൽ വ്യക്തമായി പതിഞ്ഞ വനപാലകന്റെ പ്രവൃത്തി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.