വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ്; മേയ് രണ്ടിന് ഉമ്മൻചാണ്ടിക്ക് കോണ്‍ഗ്രസ് അഭിവാദ്യമർപ്പിക്കും
Wednesday, April 30, 2025 12:51 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായതു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടാണെന്നും മറിച്ചുള്ള എൽഡിഎഫിന്റെ കള്ളപ്രചാരണം കേരളജനത വിശ്വസിക്കില്ലെന്നും കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു.
തിരുവനന്തപുരം ജില്ലയിൽ മേയ് രണ്ടിനു രാവിലെ 10ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ കഠിനാധ്വാനം ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രങ്ങൾ വച്ച് അഭിവാദ്യം അർപ്പിക്കുമെന്നും എം. ലിജു അറിയിച്ചു.
ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർത്തി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ച പിണറായി വിജയനും സിപിഎമ്മുമാണ് ഇന്ന് ആ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നത്.
ഇത് അപഹാസ്യമാണ്. പ്രതിപക്ഷനേതാവിനെ ക്ഷണിക്കാനുള്ള മാന്യതപോലും സർക്കാർ കാട്ടിയില്ല. വിവാദമായപ്പോൾ അദ്ദേഹത്തെ ക്ഷണിച്ചെന്നു വരുത്തി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അപമാനിക്കുകയാണ്.
അതേസമയം, സർക്കാരിന്റെ വാർഷിക ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയെ ക്ഷണിച്ചതിലൂടെ സിപിഎമ്മിന്റെയും ബിജെപിയും സൗഹൃദബന്ധത്തിന്റെ ആഴം കേരളീയ പൊതുസമൂഹത്തിന് ഒരിക്കൽക്കൂടി ബോധ്യപ്പെട്ടെന്നും എം. ലിജു പറഞ്ഞു.