പുഞ്ചിരിമട്ടം പുനരധിവാസം: രണ്ടാംഘട്ട കരടുപട്ടികയിൽ 81 കുടുംബങ്ങൾ മാത്രം ;പ്രതിഷേധം
സ്വന്തം ലേഖകൻ
Monday, February 24, 2025 4:42 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം പുനരധിവാസ പദ്ധതി ഗുണഭോക്താക്കളുടെ രണ്ടാംഘട്ട കരടു പട്ടികയിൽ 81 കുടുംബങ്ങൾ മാത്രം ഉൾപ്പെട്ടതിൽ പ്രതിഷേധം ശക്തം. കുറഞ്ഞത് 200 പേർ കരടുപട്ടികയിൽ ഉൾപ്പെടുമെന്നു ദുരന്തബാധിതർ കരുതിയിരിക്കേയാണ് 81 പേരുടെ പട്ടിക പുറത്തുവന്നത്. പുനരധിവാസപദ്ധതി ഗുണഭോക്താക്കളുടെ ഒന്നാംഘട്ട അന്തിമ പട്ടിക നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. 242 കുടുംബങ്ങളാണ് ഈ പട്ടികയിൽ ഉണ്ടായിരുന്നത്. പുതിയ കരടുപട്ടികയിലെ 81 പേരെയും ചേർത്താൽ 323 പേരാണ് പുനരധിവാസ പദ്ധതി ഗുണഭോക്തൃ കുടുംബങ്ങൾ.
പുനരധിവാസത്തിനു തീർത്തും അർഹതയുള്ള 17 കുടുംബങ്ങൾ രണ്ട് പട്ടികയിലും ഉൾപ്പെട്ടിട്ടില്ലെന്ന് ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റി കണ്‍വീനർ ഷാജിമോൻ ചൂരൽമല, ചെയർമാൻ നസീർ ആലയ്ക്കൽ എന്നിവർ പറഞ്ഞു.
അർഹതയുള്ള പലരെയും സാങ്കേതികത്വം പറഞ്ഞാണ് പട്ടികയിൽനിന്ന് ഒഴിവാക്കിയതെന്ന് ഇവർ കുറ്റപ്പെടുത്തി. ദുരന്ത മേഖലകളായ ചൂരൽമലയിലെയും മുണ്ടക്കൈയിലെയും നോ ഗോ സോണിലെ 81 കുടുംബങ്ങളാണു കരടു പട്ടികയിലുള്ളത്. മേപ്പാടി പഞ്ചായത്ത് വാർഡ് പത്തിലെ 42ഉം വാർഡ് 11ലെ 29ഉം വാർഡ് 12ലെ 10 ഉം കുടുംബങ്ങളാണ് പട്ടികയിൽ.
ആക്ഷേപങ്ങൾ ബോധിപ്പിക്കാൻ മാർച്ച് ഏഴു വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് വൈത്തിരി താലൂക്ക്, മേപ്പാടി പഞ്ചായത്ത്, വെള്ളരിമല വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. ആക്ഷേപങ്ങളിൽ സ്ഥല പരിശോധന നടത്താൻ സബ് കളക്ടർക്കാണു ചുമതല.