അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി
Monday, February 24, 2025 4:42 AM IST
അഗളി: അട്ടപ്പാടിയിൽ അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുതൂർ അരളിക്കോണം ആദിവാസി ഊരിലെ ദുരയുടെ ഭാര്യ രേശി (55) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രഘു (37) വിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പുലർച്ചെ നാലിനാണു സംഭവം. രഘു ഭാര്യ സെൽവിയെ മർദിക്കുന്നതിനിടെ രേശി ഇടപെട്ടിരുന്നു. ഇതിനുശേഷം ഉറങ്ങാൻ കിടന്ന രേശിയെ മുറിക്കുള്ളിൽ കയറിയ രഘു ഹോളോബ്രിക്സ് ഉപയോഗിച്ചു തലയ്ക്കടിക്കുകയായിരുന്നു. ബഹളംകേട്ട് സമീപവാസികളെത്തി രഘുവിനെ സ്ഥലത്തുനിന്നകറ്റി. നാട്ടുകാർ വിവരം നൽകിയതിനെത്തുടർന്ന് പുതൂർ പോലീസ് സ്ഥലത്തെത്തി. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽനിന്നു ആരോഗ്യ വകുപ്പ് അധികൃതരെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. രേശിക്കു രഘുവിനെ കൂടാതെ ഭാഗ്യരാജ് എന്ന മകനുമുണ്ട്. മനോദൗർബല്യമുള്ളയാളാണ് പ്രതിയെന്നു സമീപവാസികൾ പറഞ്ഞു.