ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പ്: പ്രതികള്‍ക്ക് ക്രിപ്റ്റോ നിക്ഷേപവും റിസോര്‍ട്ടും
Monday, February 24, 2025 4:42 AM IST
കൊച്ചി: ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പു കേസില്‍ അറസ്റ്റിലായ മലയാളികള്‍ക്ക് തട്ടിപ്പിന്റെ പ്രതിഫലമായി ലഭിച്ചത് 2.7 കോടി രൂപ. ഇവരുടെ അക്കൗണ്ടുകള്‍ വഴി ഒഴുകിയത് 718 കോടിയാണെന്നാണ് കണ്ടെത്തല്‍.
പ്രതിഫലം കിട്ടിയ പണം ഉപയോഗിച്ച് പ്രതികള്‍ മൈസൂരുവില്‍ റിസോര്‍ട്ട് വാങ്ങി. പ്രതികള്‍ ചൈനയില്‍ ക്രിപ്റ്റോ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.
കഴിഞ്ഞദിവസം ഇഡി അറസ്റ്റ് ചെയ്ത കോഴിക്കോട് സ്വദേശി സായിദ്, കൊച്ചി സ്വദേശി വര്‍ഗീസ് എന്നിവരാണ് തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്തത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതല്‍ പേര് പിടിയിലായേക്കുമെന്നാണു ലഭിക്കുന്ന വിവരം.
അതിനിടെ, തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയിന്‍ സിംഗപ്പുര്‍ പൗരന് മുസ്തഫ കമാൽ ആണെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് സിംഗപ്പുര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണനടപടികളിലാണ് ഇഡി.
രാജ്യത്തുനിന്ന് തട്ടിയെടുത്ത കോടികള്‍ എത്തിയത് മുസ്തഫ കമാലിന്റെ അക്കൗണ്ടുകളിലേക്കാണെന്നും ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്.