റവ. ഡോ. ആന്റണി ചിറപ്പണത്ത് അന്തരിച്ചു
Monday, February 24, 2025 4:42 AM IST
കാടുകുറ്റി: എറണാകുളം-അങ്കമാലി അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഡോ.ആന്റണി ചിറപ്പണത്ത് (ഡോ. എ.കെ. ചിറപ്പണത്ത്-81) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയിൽ. മഹാത്മാഗാന്ധി സർവകലാശാലയിലെ പ്രഫസറും ഗാന്ധിസാഹിത്യവിഭാഗം വകുപ്പ് അധ്യക്ഷനുമായിരുന്നു. യുപിഎസ്സി എക്സാമിനാറായും ഗ്രാമസ്വരാജ് എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കാടുകുറ്റി കവലക്കാട്ട് ചിറപ്പണത്ത് പരേതരായ കൊച്ചാപ്പുവിന്റെയും ചാലക്കുടി തേരാമ്പിള്ളി അന്നത്തിന്റെയും രണ്ടാമത്തെ മകനാണ്. കോട്ടയം വടവാതൂർ സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി 1968ൽ പൗരോഹിത്യം സ്വീകരിച്ചു. ഞാറയ്ക്കൽ പള്ളി സഹവികാരിയായും രാജഗിരി, അമ്പലമുകൾ പള്ളികളിൽ വികാരിയായും സേവനമനുഷ്ഠിച്ചു.
കർണാടക യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു. പിന്നീട് മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രഫസറായി. 2003 ജൂലൈയിൽ യൂണിവേഴ്സിറ്റി അധ്യാപനരംഗത്തുനിന്നു വിരമിച്ചശേഷം ചൂണ്ടി പള്ളിയിലും മേലൂർ ശാന്തിപുരം പള്ളിയിലും വികാരിയായും നിവേദിത പഠനകേന്ദ്രത്തിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചു.
തുടർന്നു ഗരഖ്പുർ രൂപതയുടെ സെന്റ് ജോസഫ് കോളജിന്റെ പ്രഥമ പ്രിൻസിപ്പലായി ചുമതലയേറ്റു. 2006ൽ ഞാറയ്ക്കൽ പള്ളി വികാരിയായി. തുടർന്ന് അതിരൂപതയുടെ കോർപറേറ്റ് മാനേജരായി. ഒപ്പം കളമശേരി സെന്റ് ജോസഫ് കോളജ് പ്രിൻസിപ്പലായും പ്രവർത്തിച്ചു. ഇന്ത്യ ഇന്റർനാഷനൽ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ രാഷ്ട്രീയ ഗൗരവ് അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സഹോദരങ്ങൾ: ഡോ.ജോസ് (ഹോളണ്ട്), പോൾ (റിട്ട. ടെൽക്, അങ്കമാലി), മേരി സണ്ണി, സെബാസ്റ്റ്യൻ (റിട്ട. സോഷ്യൽ വെൽഫെയർ ബോർഡ്), അലക്സ് (റിട്ട. മദുരകോട്സ്), അജിൻ (യുണൈറ്റഡ് ട്രാവൽസ്, ചാലക്കുടി), ജോൺ (നീറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡ്, കാതിക്കുടം).