തരൂര്‍ പറഞ്ഞത് എല്‍ഡിഎഫ് പറഞ്ഞുകൊണ്ടിരിക്കുന്നത്: എം.വി. ഗോവിന്ദന്
Monday, February 24, 2025 4:42 AM IST
കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നും നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മൂന്നാംതവണയും കോണ്‍ഗ്രസിനു പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്നുമുള്ള ശശി തരൂരിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
ശശി തരൂര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണ്. എല്‍ഡിഎഫും സിപിഎമ്മും പറയുന്ന കാര്യമാണ് തരൂര്‍ പറഞ്ഞത്. കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന നേതാവാണു തരൂര്‍. അദ്ദേഹത്തെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ല. വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിലേക്കു കേരളത്തെ 10-20 വര്‍ഷങ്ങള്‍കൊണ്ട് എത്തിക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫും സിപിഎമ്മും പറയുന്നത്.
ആ തലത്തിലേക്കു കേരളത്തെ എത്തിക്കുന്നതിനു കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥകൊണ്ടു കഴിയില്ലെന്നാണ് തരൂര്‍ പറയുന്നതെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന പ്രതികരണം ശശി തരൂരിന്റെ ഭാഗത്തുനിന്നുമുണ്ടായത്.