ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു സമാപനം
Sunday, February 23, 2025 1:02 AM IST
സിജോ പൈനാടത്ത്
കൊച്ചി: കേരളത്തിന്റെ നിക്ഷേപ, സംരംഭക സ്വഭാവത്തെ മാറ്റിയെഴുതി ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു സമാപനം. വിവിധ മേഖലകളിൽ 1,52,905 കോടിയുടെ നിക്ഷേപത്തിന് സംരംഭകർ സന്നദ്ധതയറിയിച്ചു. ഉച്ചകോടിയിൽ നേരിട്ടെത്തിയും അനുബന്ധ ചർച്ചകളിലൂടെയും രാജ്യത്തും വിദേശത്തുമുള്ള 374 കന്പനികളാണ് സംസ്ഥാനത്ത് നിക്ഷേപത്തിനു തയാറായിട്ടുള്ളത്.
54 കന്പനികൾ നിക്ഷേപത്തിനുള്ള താത്പര്യപത്രം (ഇഒഐ) വ്യവസായ മന്ത്രിക്കു കൈമാറി. ഏതാനും കന്പനികളുമായി സർക്കാർ ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്. നിലവിലുള്ള പദ്ധതികളുടെ വിപുലീകരണം ഉൾപ്പെടെയാണു നിക്ഷേപവാഗ്ദാനങ്ങൾ.
യാഥാർഥ്യബോധത്തോടെയുള്ള പദ്ധതികൾക്കു മാത്രമാണ് സർക്കാർ സമ്മതമറിയിച്ചിട്ടുള്ളതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. നിക്ഷേപത്തിന് സന്നദ്ധതയറിയിച്ച വ്യക്തികൾക്കും കന്പനികൾക്കും തുടർപ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാൻ ഫാസ്റ്റ്ട്രാക്ക് സംവിധാനം ഏർപ്പെടുത്തും.
നിക്ഷേപങ്ങളെ വിഭാഗങ്ങളായി തിരിച്ച് ഓരോന്നിനും ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കും. നിക്ഷേപകർക്കു സംശയനിവാരണത്തിനും സർക്കാർ നടപടികളിലെ പുരോഗതി അറിയുന്നതിനും ഒരാഴ്ചയ്ക്കുള്ളിൽ ടോൾഫ്രീ നന്പർ ഏർപ്പെടുത്തും.
കൊച്ചി ലുലു കൺവൻഷൻ സെന്ററിൽ രണ്ടു ദിവസമായി നടന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ സംരംഭകരുൾപ്പെടെ രാജ്യത്തിനകത്തും പുറത്തും നിന്നായി മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.
30,000 കോടി, 10,000 കോടി, 5,000 കോടി...
അദാനി പോർട്സ് എംഡി കരൺ അദാനി പ്രഖ്യാപിച്ച 30,000 കോടിയാണ് നിക്ഷേപ സന്നദ്ധതയിൽ പ്രധാനപ്പെട്ടത്. ഹൈലൈറ്റ് ഗ്രൂപ്പ് 10,000 കോടി, ലുലു ഗ്രൂപ്പ്, മൊണാർക്ക് സർവേയേഴ്സ്, ഷറഫ് ഗ്രൂപ്പ്, ടോഫൽ ഇൻഫ്രാ എന്നീ കന്പനികൾ 5000 കോടി വീതവും നിക്ഷേപം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ആയിരം കോടിക്കു മുകളിൽ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ച കന്പനികൾ:
അവന്തിക ഇന്റർനാഷണൽ 4300 കോടി, ചെറി ഹോൾഡിംഗ്സ് 4000 കോടി, എൻആർജി കോർപറേഷൻസ് 3600 കോടി, പ്രസ്റ്റീജ് ഗ്രൂപ്പ് 3000 കോടി, മലബാർ ഗ്രൂപ്പ് 3000 കോടി, ഫോർ ഇഎഫ് കൺസ്ട്രക്ഷൻസ് 2500 കോടി, ആർപി ഗ്രൂപ്പ് 2000 കോടി, കൃഷ്ണ മെഡിക്കൽ ഗ്രൂപ്പ് 2000 കോടി, ഫിസ ഡെവലപ്പേഴ്സ് 2000 കോടി, സൂര്യവംശി ഡെവലപ്പേഴ്സ് 1820 കോടി, ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ 1500 കോടി, ബ്രിഗേഡ് എന്റർപ്രൈസസ് 1500 കോടി, ഇൻകെൽ ലിമിറ്റഡ് 1135 കോടി, ഇൻഡസ് സ്പിരിറ്റ്സ് 1100 കോടി, ആഡ് ടെക് സിസ്റ്റംസ് 1000 കോടി, വെസൈഡ് വെഞ്ചേഴ്സ് 1000 കോടി, കൊച്ചുതൊമ്മൻ ഫിലിം സിറ്റി പ്രോജക്ട് 1000 കോടി, ഇൻകോർ 1000 കോടി.
60,000 തൊഴിലവസരം
ഉച്ചകോടിയിലെത്തിയ നിക്ഷേപവാഗ്ദാനങ്ങൾ സംരംഭങ്ങളായി മാറിയാൽ സംസ്ഥാനത്ത് പുതുതായി ഉണ്ടാകുന്നത് 60000 തൊഴിലവസരങ്ങൾ. വിവിധ പദ്ധതികളിലൂടെ 5,000 പേർക്ക് പുതുതായി തൊഴിൽ നൽകുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
വൈകില്ല; നാളെമുതൽ തുടര്‍പ്രവര്‍ത്തനങ്ങള്‍
കൊച്ചി: ഇൻവെസ്റ്റ് കേരള ഉച്ചകോടിയിലൂടെ എത്തിയ നിക്ഷേപ വാഗ്ദാനങ്ങളിലും താത്പര്യപത്രങ്ങളിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നാളെമുതൽ ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ്. തിനായി പ്രത്യേക ഡാഷ്ബോര്‍ഡും സംവിധാനവും സ്ഥാപിക്കും.
പ്ലാന്റേഷന് ഭൂമി വിനിയോഗിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. ഭൂനിയമങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിന് മന്ത്രിതല സമിതി രൂപീകരിക്കും.
ഓരോ താത്പര്യപത്രത്തിന്റെയും ശരിയായ തുടര്‍നടത്തിപ്പിനായി പ്രത്യേക സംവിധാനം ഉറപ്പാക്കും. ഇതിനായി ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയും മുഖ്യമന്ത്രിയും ഇത് അവലോകനം നടത്തും.
ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലൂടെ നിക്ഷേപകസമൂഹത്തിന് ആത്മവിശ്വാസവും സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപ, തൊഴിലവസരവും സാധ്യമായി. സ്ഥലലഭ്യത ഉള്‍പ്പെടെ യാതൊരു പ്രശ്നങ്ങളും സംരംഭകര്‍ക്കു നേരിടേണ്ടിവരില്ലെന്നും ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ഉച്ചകോടി മൂന്നു വര്‍ഷത്തിലൊരിക്കല്‍
കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു. യുഎഇ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റോപിയ സമ്മേളനത്തിന് 2026 ജൂലൈയില്‍ കേരളം ആതിഥേയത്വം വഹിക്കും.