ശശി തരൂരിനെ കോണ്‍ഗ്രസ് നാലു പ്രാവശ്യം എംപിയാക്കി അഭിമുഖം രാഹുലിനെ കാണുന്നതിന് മുമ്പുള്ളതെന്ന് ചെന്നിത്തല
Monday, February 24, 2025 4:42 AM IST
കൊച്ചി: രാഹുല്‍ ഗാന്ധിയെ കാണുന്നതിന് മുമ്പ് ശശി തരൂര്‍ നല്കിയ അഭിമുഖമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റായ സമയത്ത് താനാണ് ശശി തരൂരിനോടു പാര്‍ട്ടിയില്‍ ചേരണമെന്ന് അഭ്യര്‍ഥിച്ചത്. അദ്ദേഹത്തെപ്പോലെ ഒരാള്‍ പാര്‍ട്ടിയില്‍ വരുന്നത് നല്ലതാണെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ ക്ഷണിച്ചത്.
പാര്‍ട്ടി അംഗമല്ലാതിരുന്നിട്ടു കൂടി ശശി തരൂരിനെ ഞാന്‍ കെപിസിസി സമ്പൂര്‍ണ യോഗത്തില്‍ പങ്കെടുപ്പിച്ചു. സോണിയാ ഗാന്ധി പങ്കെടുത്ത ചടങ്ങില്‍ വേദിയിലിരുത്തി. പിന്നീട് ശശി തരൂരിനെ കോണ്‍ഗ്രസ് നാലുപ്രാവശ്യം എംപിയാക്കി, കേന്ദ്രമന്ത്രിയാക്കി, പാര്‍ട്ടിയില്‍ സ്ഥാനം നല്‍കിയെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.
ഈ പാര്‍ട്ടിയില്‍തന്നെ നില്‍ക്കേണ്ടതിലെ അനിവാര്യത കൊണ്ടാണല്ലോ അദ്ദേഹത്തെ കോണ്‍ഗ്രസ് എംപിയാക്കിയതും കേന്ദ്രമന്ത്രിയാക്കിയതും പത്തുവര്‍ഷമായി കോണ്‍ഗ്രസിന്റെ നാല് സ്ഥിരംസമിതിയംഗങ്ങളില്‍ ഒരാളാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നിലവിൽ പുറത്തു വന്ന അഭിമുഖത്തിന്റെ പേരിലുളള വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.