എഐ രംഗത്ത് ഇന്ത്യ കുതിപ്പിന്റെ പാതയില്‍: നിര്‍മല സീതാരാമന്
Sunday, February 23, 2025 12:59 AM IST
പാലാ: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്ത് ഇന്ത്യ വലിയ കുതിപ്പിന്റെ പാതയിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. പാലാ വലവൂര്‍ കോട്ടയം ഐഐഐടിയൂടെ ആറാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു നിര്‍മല സീതാരാമന്.
വിവിധ മേഖലകളില്‍ എഐ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കി വരികയാണ്. രാജ്യത്ത് മൂന്ന് ബില്യണ്‍ ആപ്പുകളാണ് എഐ സംബന്ധിച്ച് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഈ രംഗത്ത് ഇന്ത്യ അമേരിക്ക, ചൈന ഉള്‍പ്പടെയുള്ള മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. സാങ്കേതികവിദ്യയുടെ കുതിപ്പ് രാജ്യത്തെ ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുക ലക്ഷ്യമിട്ടുള്ളതാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യ ഉള്‍പ്പടെയുള്ള രംഗത്തും രാജ്യം വന്‍ മുന്നേറ്റം നടത്തികൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ ബിരുദധാരികള്‍ വ്യത്യസ്തമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുവാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
ഐഐഐടി ഗവേണിംഗ് ബോര്‍ഡ് അധ്യക്ഷ വിജയലക്ഷ്മി ദേശ്മാനിക് അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, മാണി സി. കാപ്പന്, രജിസ്ട്രാര്‍ എം. രാധാകൃഷ്ണന് എന്നിവരും പങ്കെടുത്തു.