ചൈനീസ് ലോണ്‍ ആപ് തട്ടിപ്പ്: അന്വേഷണം സിംഗപ്പുരിലേക്ക്
Sunday, February 23, 2025 12:59 AM IST
കൊച്ചി: ചൈനീസ് ലോണ്‍ ആപ് തട്ടിപ്പുകേസില്‍ സിംഗപ്പുരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സംയുക്ത അന്വേഷണം ആവശ്യപ്പെട്ട് സിംഗപ്പുര്‍ സര്‍ക്കാരുമായി വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടു. തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയിന്‍ സിംഗപ്പുര്‍ പൗരന് മുസ്തഫ കമാലാണെന്ന് ഇഡി വ്യക്തമാക്കി.
രാജ്യത്തുനിന്ന് തട്ടിയെടുത്ത കോടികള്‍ എത്തിയത് മുസ്തഫ കമാലിന്റെ അക്കൗണ്ടുകളിലേക്കാണെന്നും ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശികള്‍ കടലാസ് കമ്പനികള്‍ നിര്‍മിച്ചത് മുസ്തഫ കമാലിന്റെ നിര്‍ദേശപ്രകാരമെന്നും സോഫ്റ്റ്വേര്‍ ഡിജിറ്റല്‍ സേവനങ്ങളുടെ പേരില്‍ വ്യാജ ഇന്‍വോയ്സുകള്‍ തയാറാക്കിയാണ് സിംഗപ്പുരിലേക്ക് പണം കടത്തിയതെന്നും ഇഡി കണ്ടെത്തിയിരുന്നു.
തട്ടിപ്പിന് ഇടനിലക്കാരായി നിന്ന കോഴിക്കോട് സ്വദേശി സായിദ്, കൊച്ചി സ്വദേശി വര്‍ഗീസ് എന്നിവരെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. 500 ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തട്ടിപ്പുസംഘത്തിന് നല്‍കിയത്.
രാജ്യാന്തര വേരുകളുള്ള തട്ടിപ്പുസംഘത്തിലെ കണ്ണികളും തമിഴ്നാട് കാഞ്ചീപുരം സ്വദേശികളുമായ ഡാനിയേല്‍ ശെല്വകുമാര്, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന് സാമുവല്‍ എന്നിവരെ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചൈനീസ് ആപ്പുകള്‍ ഉപയോഗിച്ച് 1650 കോടിയിലേറെ രൂപയാണ് രണ്ടു വര്‍ഷത്തിനിടെ സംഘം തട്ടിയെടുത്തത്. തൃശൂര്‍, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 10 എഫ്ഐആറുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇഡി കൊച്ചി യൂണിറ്റിന്റെ അന്വേഷണം.
തട്ടിപ്പിനു തുടക്കം 2023ൽ
2023ലാണ് സംഘം തട്ടിപ്പുകൾക്ക് തുടക്കം കുറിച്ചത്. വിവിധ ലോൺ ആപ്പുകള്‍ തുടങ്ങി അതിലൂടെ ലോണ്‍ നേടുന്നവരുടെ സ്വകാര്യവിവരങ്ങള്‍ മൊബൈലില്‍നിന്നു ചോര്‍ത്തിയെടുത്ത് ഭീഷണിപ്പെടുത്തിയും സംഘം തട്ടിപ്പ് നടത്തി.