150 കോടി തട്ടി ദന്പതികൾ മുങ്ങി
Sunday, February 23, 2025 1:00 AM IST
ഇരിങ്ങാലക്കുട: ഓഹരിവ്യാപാരത്തിന്റെ പേരില്‍ 150 കോടി തട്ടിയതായി പരാതി. തട്ടിപ്പുനടത്തിയ സ്ഥാപനം ഉടമകള്‍ മുങ്ങി.
അമിതപലിശ വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബില്യണ്‍ ബീസ് എന്ന സ്ഥാപനമാണ് നിക്ഷേപകരില്‍നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചു തട്ടിപ്പു നടത്തിയത്. സ്ഥാപനത്തിനെതിരേ നിരവധി പരാതികളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. ചിലരുടെ പരാതിയില്‍ കേസെടുത്തു.
ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. 150 കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയതായാണ് പ്രാഥമിക നിഗമനം. സ്ഥാപനമുടമകളായ നടവരമ്പ് കോലോത്തുംപടി സ്വദേശി ബിബിന്‍, ഭാര്യ ജൈത, സഹോദരന് സുബിന് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്.
2020 മുതലാണ് സ്ഥാപനം തുടങ്ങി തട്ടിപ്പ് ആരംഭിച്ചത്. ഒരു കോടി 95 ലക്ഷം രൂപ നിക്ഷേപിച്ച ആളുടെ പരാതിയിലാണ് പോലീസ് ആദ്യം കേസെടുത്തത്. 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 30,000 രൂപവരെ ലാഭവിഹിതം തരാമെന്നും ട്രേഡിംഗില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
ട്രേഡിംഗിലൂടെ ആദ്യകാലങ്ങളില്‍ വലിയ തുകകള്‍ ലഭിച്ചിരുന്നു. അതു നിക്ഷേപകര്‍ക്കു നല്‍കുകയും ചെയ്തതോടെയാണു സ്ഥാപനത്തില്‍ വിശ്വാസമര്‍പ്പിച്ച് കൂടുതല്‍ പേര് പണം നിക്ഷേപിച്ചത്. പ്രതികളുടെ അക്കൗണ്ട് വഴിയായിരുന്നു പണം സ്വീകരിച്ചിരുന്നത്.
പിന്നീട് പണം തിരികെ ലഭിക്കാതായതോടെ സ്ഥാപനത്തിലേക്കു പലരും പണം അന്വേഷിച്ചെത്തി. അതോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് എകെപി റോഡിലെ പാംസ്ക്വയര് ബില്‍ഡിംഗിൽ അത്യാഡംബരമായി നിര്മിച്ചിരുന്നസ്ഥാപനം അടച്ചുപൂട്ടിയിരുന്നു. ചാലക്കുടി റോഡില്‍ വിശ്വനാഥപുരം ക്ഷേത്രത്തിന് എതിര്‍വശത്തും ഇവരുടെ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു. ഇതും അടച്ചതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
ആദ്യത്തെ അഞ്ചുമാസത്തോളം നല്‍കാമെന്നു പറഞ്ഞ പലിശ ലഭിച്ചിരുന്നു. ലാഭവിഹിതം മുടങ്ങിയതോടെ നിക്ഷേപകര്‍ പണം തിരികെ ചോദിച്ചെത്തിയപ്പോള്‍ ഉടമകള്‍ ഭീഷണിപ്പെടുത്തിയെന്നും പിന്നീട് ഇവര്‍ വിദേശത്തേക്കു കടന്നെന്നും പരാതിക്കാര്‍ പറയുന്നു.
പണം ലഭിക്കാനുള്ള നിക്ഷേപകരുടെ വാട്സാപ്പ് കൂട്ടായ്മയ്ക്കും രൂപം നല്‍കിയിട്ടുണ്ട്. 150ഓളം പേര് ഇപ്പോള്‍തന്നെ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്. ദുബായിലേക്കു കടന്നവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരേ ദുബായിലും പരാതി നല്‍കിയിട്ടുണ്ട്.