പിഎസ്സി കൊള്ളസംഘമായി മാറുന്നെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗൺസിൽ
Monday, February 24, 2025 4:42 AM IST
കൊച്ചി: സംസ്ഥാനസര്‍ക്കാരിന്റെ കീഴിലെ കൊള്ളസംഘമായാണു പബ്ലിക് സര്‍വീസ് കമ്മീഷന് പ്രവര്‍ത്തിക്കുന്നതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍. ഒഴിവുകളില്‍ നിയമനങ്ങള്‍ നടത്താതെ, അനധികൃതമായി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തി കേരളത്തിലെ യുവജനങ്ങളെ വഴിയാധാരമാക്കുകയും അന്യനാടുകളിലേക്കു കുടിയേറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സമീപനമാണു സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പിഎസ്സി ചെയ്തു കൊണ്ടിരിക്കുന്നതെന്നും നേതൃസമ്മേളനം ചൂണ്ടിക്കാട്ടി.
ആശാവര്‍ക്കര്‍മാരുടെയും കെഎസ്ആര്‍ടിസി ജീവനക്കാരുടേയും ശമ്പളം മുടക്കിയും ക്ഷേമപെന്‍ഷനുകള്‍ സമയബന്ധിതമായി നല്കാന് സാധിക്കാതെയുമുള്ള സാഹചര്യത്തില്‍പ്പോലും പിഎസ്സി അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും കുത്തനേ വര്‍ധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരുടെ നിയമനം അംഗീകരിക്കാത്ത സര്‍ക്കാര്‍ നയം തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭരണങ്ങാനം മാതൃഭവനില്‍ നടത്തിയ സമ്മേളനം കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കൗണ്‍സില്‍ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സിജോ ഇലന്തൂര്‍ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ട്രീസാ ലിസ് സെബാസ്റ്റ്യന്‍, ഷിജോ മാത്യു ഇടയാടിയില്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി, രാജേഷ് ജോണ്‍, ആന്‍സമ്മ സാബു, ജോസ് വട്ടുകുളം, അഡ്വ. മനു വാരാപ്പള്ളി, സിജോ കണ്ണേഴത്ത്, അബി മാത്യൂസ്, അപര്‍ണ ജോസഫ്, എഡ്വിന് പാമ്പാറ, അജിത്ത് അരിമറ്റം, ജോസി ഡൊമിനിക്, സബിന്‍ അഴകമ്പ്രയില്‍ എന്നിവര്‍ പ്രസംഗിച്ചു.