ദമ്പതികളുടെ മരണത്തിന്റെ പൂർണ ഉത്തരവാദിത്വം വനം വകുപ്പിന്: ജോസ് കെ. മാണി
Monday, February 24, 2025 4:42 AM IST
കണ്ണൂർ: സർക്കാർ പതിച്ചുകൊടുത്ത ഭൂപ്രദേശത്ത് വച്ച് ആദിവാസി ദമ്പതികളെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. 2008ലെ വനാവകാശ നിയമപ്രകാരം ആദിവാസികൾക്കു വനത്തിനുള്ളിൽ താമസിക്കുന്നതിനും കൃഷി ചെയ്യുന്നതിനും കാലി വളർത്തലിനും നിയമപരമായ അനുവാദവും അവകാശവുമുണ്ട്.
അങ്ങനെ താമസിക്കുന്നവർക്കു വനത്തിനുള്ളിലെ വഴികളിലൂടെയും സൗകര്യങ്ങളിലൂടെയുമല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ല. സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം വനം വകുപ്പിന് മാത്രമാണ്.
ആറളത്ത് ദമ്പതികൾ കൊല്ലപ്പെടാനിടയായ ദൗർഭാഗ്യകരമായ സംഭവത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ജോസ് കെ. മാണി അറിയിച്ചു.