ക്ഷേമപെൻഷൻ തട്ടിപ്പ്: ജീവനക്കാരുടെ വിവരങ്ങൾ കൈമാറാനാകില്ലെന്ന് ധനവകുപ്പ്
Sunday, February 23, 2025 12:59 AM IST
തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പു നടത്തിയ സംസ്ഥാന സർക്കാർ സർവീസിൽ ഉൾപ്പെട്ട ജീവനക്കാരുടെ വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്നു ധനവകുപ്പ്.
തട്ടിപ്പു നടത്തിയ ജീവനക്കാർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി പൂർത്തിയായിട്ടില്ലെന്നും സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടി തുടർന്നു വരുന്ന സാഹചര്യത്തിൽ ഇവരുടെ പേരും തസ്തികയും വകുപ്പും അടക്കമുള്ള വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്നും വിവരാവകാശ മറുപടിയിൽ ധനവകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്തെ 1458 സർക്കാർ ജീവനക്കാർ ക്ഷേമപെൻഷൻ കൈപ്പറ്റി തട്ടിപ്പു നടത്തിയതായി കണ്ടെത്തിയിരുന്നു. ഇവർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടിയെടുക്കാൻ നിർദേശിച്ച് ധനവകുപ്പ് ബന്ധപ്പെട്ട വകുപ്പുകൾക്കു കത്തു നൽകി. എന്നാൽ, ഏതാനും വകുപ്പുകൾ മാത്രമേ ഇത്തരം തട്ടിപ്പു നടത്തിയർക്കെതിരേ സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടി സ്വീകരിച്ചുള്ളൂ.
ഭരണക്ഷകക്ഷിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തിട്ടില്ലെന്നാണു വിവരം. എന്നാൽ, ഇതു പൂർത്തിയാക്കുമെന്നാണു കെപിസിസി സെക്രട്ടറി സി.ആർ. പ്രാണകുമാറിനുള്ള മറുപടിയിൽ പറയുന്നത്.