ഷെറിനെതിരേ വെളിപ്പെടുത്തൽ ; അപമാനിക്കാനും കുടുക്കാനും ശ്രമമെന്നു സഹതടവുകാരി സുനിത
Sunday, February 23, 2025 12:59 AM IST
തൃശൂർ: കാരണവർ വധക്കേസ് പ്രതി ഷെറിനെതിരേ നടത്തിയ വെളിപ്പെടുത്തലിനുശേഷം തനിക്കെതിരേ പലയിടങ്ങളിൽനിന്നായി പലതരം ഭീഷണി വരുന്നുവെന്നു സഹതടവുകാരിയായിരുന്ന തളിക്കുളം സ്വദേശിനി സുനിത. തൃശൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഷെറിനെതിരേ വ്യക്തമായ തെളിവുകളോടെയാണു താൻ പ്രതികരിച്ചത്. ഇതിനുപിറകെ കൃത്യമായ സ്ഥാപിതതാല്പര്യങ്ങൾ ഉള്ളവരും, ഷെറിനെതിരേ നടത്തിയ വെളിപ്പെടുത്തലിന്റെ പേരിൽ വിരോധമുള്ളവരുംചേർന്നു തന്നെയും കുടുംബത്തെയും അപമാനിക്കാനും കള്ളക്കേസിൽ കുടുക്കാനും ശ്രമിക്കുകയാണ്.
തളിക്കുളം മേഖല കേന്ദ്രീകരിച്ച് തെരുവുനായ്ക്കളെ സംരക്ഷിക്കുന്ന കുടുംബം നായവളർത്തലിന്റെ പേരിൽ കഞ്ചാവുകച്ചവടം നടത്തുന്നുവെന്നാണ് ഉയർന്നുവന്നിരിക്കുന്ന പുതിയ ആരോപണം. കഴിഞ്ഞ ഒമ്പതുവർഷമായി താൻ ഈ പ്രവർത്തനവുമായി രംഗത്തുണ്ട്. ഇതിനു മൃഗസംരക്ഷണവകുപ്പിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇത്തരം ആരോപണമുണ്ടായിട്ടില്ല.
കൃത്യമായ അജൻഡയാണ് ഇതിനുപിന്നിൽ. ജയിൽ ഉദ്യോഗസ്ഥർപോലും പലരീതിയിൽ ഭീഷണിപ്പെടുത്തുന്നുണ്ട്. വെളിപ്പെടുത്തലിനു പിറകേ ബന്ധുക്കളും വീട്ടുകാരുംവരെ ഭയന്ന് തന്നെ ഒറ്റപ്പെടുത്തുകയാണെന്നും സുനിത പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തുന്നവരുടെ പേരുകൾ വൈകാതെ വെളിപ്പെടുത്തുമെന്നും അവർ അറിയിച്ചു.