നഷ്ടത്തില്‍ കിതച്ച് കെഎസ്ഇബി കുടിശികയിനത്തില്‍ കിട്ടാനുള്ളത് 2,164.06 കോടി
Monday, February 24, 2025 4:42 AM IST
തിരുവനന്തപുരം: വര്‍ഷംതോറും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തി കെഎസ്ഇബി. 2024 വരെയുള്ള പ്രാഥമിക കണക്കുകള്‍ പ്രകാരം 9.2 കോടി രൂപയുടെ നഷ്ടം കെഎസ്ഇബിക്കുണ്ടായതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം 2024 ഡിസംബറിലെ ത്രൈമാസ റിപ്പോര്‍ട്ട് പ്രകാരം വൈദ്യുതി ചാര്‍ജ് കുടിശികയിനത്തില്‍ കെഎസ്ഇബിക്ക് പിരിഞ്ഞു കിട്ടാനുള്ളത് 2164.06 കോടി രൂപയാണ്.
സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കുടിശിക തുക പിരിഞ്ഞു കിട്ടാനുള്ളത്. 1012.29 കോടി രൂപയാണ് വിവിധ സ്വകാര്യ സ്ഥാപനങ്ങള്‍ നല്‍കാനുള്ളത്. കേരള വാട്ടര്‍ അഥോറിറ്റി 458.54 കോടി രൂപയും വാട്ടര്‍ അഥോറിറ്റി ഒഴികെയുള്ള സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ 158.56 കോടി രൂപയും ഇത്തരത്തില്‍ നല്‍കാനുണ്ട്.
ഗാര്‍ഹിക ഉപയോക്താക്കള്‍ കുടിശിക വരുത്തിയതു 318.69 കോടി രൂപയും സര്‍ക്കാര്‍ വകുപ്പുകള്‍ 74.94 കോടിയും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ 37.4 കോടിയും പൊതുസ്ഥാപനങ്ങള്‍ 22.56 കോടിയും തദ്ദേശ സ്ഥാപനങ്ങള്‍ 3.42 കോടിയും നല്‍കാനുണ്ടെന്നും വൈദ്യുതി മന്ത്രി നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ വ്യക്തമാക്കി.