വ്യവസായത്തിന് താത്പര്യപത്രം ലഭിച്ചുകൊണ്ടിരിക്കുന്നു; അന്തിമ പട്ടിക ഉടനെന്ന് മന്ത്രി പി. രാജീവ്
Monday, February 24, 2025 4:42 AM IST
കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമം വന്‍ വിജയമായി മാറിയെന്ന് മന്ത്രി പി. രാജീവ്. ഉച്ചകോടിയുടെ സമാനപന ചടങ്ങ് നടക്കുമ്പോഴും താത്പര്യപത്രങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്തിമ പട്ടിക പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. 374 കമ്പനികളില്‍നിന്നായി 1,52,905 കോടിയുടെ നിക്ഷേപ താത്പര്യ പത്രങ്ങളാണ് ലഭിച്ചിട്ടുള്ളത്.
നിയമപരമായി നടത്താന്‍ സാധിക്കുന്ന എല്ലാ വ്യവസായങ്ങള്‍ക്കും പിന്തുണ നല്‍കും. പ്രായോഗികമായ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ വിലയിരുത്തും. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയിലൊരിക്കല്‍ വിലയിരുത്തുന്നത് കൂടാതെ മന്ത്രി തലത്തില്‍ എല്ലാമാസവും വിലയിരുത്തല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഐടി ഒഴികെ വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ എല്ലാ താത്പര്യ പത്രങ്ങളിലും രണ്ടാഴ്ചയ്ക്കുള്ളില്‍ സൂക്ഷ്മ പരിശോധന നടത്തും. ഉടന്‍ ആരംഭിക്കാന്‍ സാധിക്കുന്നത്, നിശ്ചിത സമയത്തിനുള്ളില്‍ ആരംഭിക്കാന്‍ സാധിക്കുന്നത് എന്നിങ്ങനെ തരംതിരിക്കും. വ്യവസായവുമായി ബന്ധപ്പെട്ട് ലഭ്യമായ പ്രോജക്ടുകളില്‍ 50 കോടിക്ക് താഴെയുള്ള സംരംഭങ്ങളില്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തില്‍ ടീമിനെ രൂപീകരിച്ച് സൂക്ഷ്മ പരിശോധന നടത്തും.
50 കോടിക്ക് മുകളിലുള്ളവയുടെ നോഡല്‍ ഓഫീസറായി സംസ്ഥാന വ്യവസായ വികസന കോര്പറേഷന് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രവര്‍ത്തിക്കും. ഇവയെ ഏഴുമേഖലകളാക്കി തിരിക്കും. ഏഴു മേഖലകളില്‍ മാനേജര്‍മാര്‍ക്ക് കീഴില്‍ പദ്ധതി നടപ്പിലാക്കുന്നതിനായി ഏഴ് ഗ്രൂപ്പുകളെയും രൂപീകരിക്കും.
ഏഴ് ഗ്രൂപ്പിനും ഉപയോഗിക്കാന്‍ കഴിയാവുന്ന വിധത്തില്‍ മേഖല തിരിച്ച് 12 വിദഗ്ധരെയും നിയമിക്കും. ഇതിന് പ്രത്യേകം ഡാഷ്ബോര്‍ഡ് ഉണ്ടായിരിക്കും. ഇതില്‍ സാധ്യമായ എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. പ്രോജക്ടുമായി ബന്ധപ്പെട്ട അനുമതികള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറി തലത്തില്‍ സെക്രട്ടറി തല കമ്മിറ്റി ഉണ്ടാകും.
സമ്മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രത്യേക ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്. സമ്മിറ്റിന്റെ നിര്‍ദേശം കണക്കിലെടുത്ത് വ്യാവസായിക ആവശ്യങ്ങള്‍ക്ക് നല്കാന് കഴിയുന്ന ഭൂമി ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അത്തരം ഭൂമിയുടെ വിവരങ്ങള്‍കൂടി ആപ്പില്‍ ലഭ്യമാകും. ഭൂമി ആവശ്യമായ വ്യവസായികള്‍ ആപ്പ് വഴി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. കിന്‍ഫ്ര, കെഎസ്ഐഡിസി, സര്‍ക്കാര്‍ എസ്റ്റേറ്റുകള്‍, സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ എന്നിവയുടെ വിവരങ്ങള്‍കൂടി ആപ്പില്‍ ലഭ്യമാക്കും.
നിലവില്‍ 31 പ്രൈവറ്റ് എസ്റ്റേറ്റുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. വൈകാതെ ഇത് 50 എണ്ണമാകും. 10 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ടെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്. ഹരികൃഷ്ണന്, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ-ബിപ് സിഇഒ സൂരജ് എസ്. നായര്‍ തുടങ്ങിയവരും പങ്കെടുത്തു.