മലബാർ കാൻസർ സെന്ററിന്റെ ചികിത്സാഫണ്ട് വെട്ടി
കെ. ഇന്ദ്രജിത്ത്
Monday, February 24, 2025 4:42 AM IST
തിരുവനന്തപുരം: കാൻസർ രോഗനിർണയത്തിനായി ‘ആരോഗ്യം ആനന്ദം- അകറ്റാം അർബുദം’ പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനിടെ വടക്കൻ കേരളത്തിലെ കാൻസർ ചികിത്സാകേന്ദ്രമായ മലബാർ കാൻസർ സെന്ററിനുള്ള ഫണ്ട് വെട്ടി സർക്കാർ. രോഗനിർണയ പദ്ധതി വഴി 16,644 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനകൾക്കായി റഫർ ചെയ്തതിനു തൊട്ടു പിന്നാലെയാണ് മലബാർ കാൻസർ സെന്ററിന് (എംസിസി) ബജറ്റിൽ വകയിരുത്തിയ തുകയിൽ പകുതി വെട്ടിക്കുറച്ച് ആരോഗ്യവകുപ്പ് വിചിത്രമായ ഉത്തരവിറക്കിയത്.
കേരളത്തിന്റെ വടക്കൻ ജില്ലകളിലെ കാൻസർ രോഗികൾക്ക് സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ മലബാർ കാൻസർ സെന്ററാണ് ഏക ആശ്രയമായിട്ടുള്ളത്. എംസിസിക്ക് 2024- 25 സാന്പത്തിക വർഷത്തെ ബജറ്റ് വിഹിതമായി 28 കോടി രൂപ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. ഇതാണ് 14 കോടി രൂപയായി വെട്ടിക്കുറച്ച് കഴിഞ്ഞ 20ന് ഉത്തരവിറക്കിയത്. സ്പീക്കർ എ.എൻ. ഷംസീറിന്റെ മണ്ഡലം ഉൾക്കൊള്ളുന്ന തലശേരിയിലാണ് മലബാർ കാൻസർ സെന്റർ സ്ഥിതി ചെയ്യുന്നത്.
കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന കാൻസർ നിർണയ പദ്ധതിയിൽ മൂന്നു ലക്ഷത്തോളം പേരെ ഇതുവരെ സ്ക്രീനിംഗിന് വിധേയമാക്കിയിട്ടുണ്ടെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഇതിൽ 16,644 പേരെ കാൻസർ സംശയിച്ചു തുടർപരിശോധനകൾക്കായി അയച്ചതായും ആരോഗ്യവകുപ്പുതന്നെ പറയുന്നു. സംസ്ഥാനത്ത് കാൻസർ രോഗ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ റീജണൽ കാൻസർ സെന്ററും (ആർസിസി) തലശേരിയിലെ എംസിസിയും മാത്രമാണ് സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ മേഖലയിലുള്ളത്. ഇവിടങ്ങളിലാകട്ടെ രോഗികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും കാൻസർ ചികിത്സാ യൂണിറ്റുകൾ ഉണ്ടെങ്കിലും ഇവിടങ്ങളിൽ ആവശ്യത്തിനുള്ള വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നില്ല. പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ സർക്കാരിന്റെ പാരിപ്പള്ളി മെഡിക്കൽ കോളജുകളിൽ അടക്കം വിദഗ്ധ ചികിത്സാ സംവിധാനം ലഭ്യമല്ല. ഇതിനിടെയാണ് കൂടുതൽ രോഗനിർണയത്തിനുള്ള സ്ക്രീനിംഗ് ടെസ്റ്റുമായി സർക്കാർ മുന്നോട്ടു പോകുന്നത്. സ്വകാര്യ ആശുപത്രികളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
എന്നാൽ, ഇവിടങ്ങളിലെ കാൻസർ ചികിത്സാ നിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. കൂടുതൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങൾ സർക്കാർ മേഖലയിൽ ഒരുക്കാതെ കാൻസർ സ്ക്രീനിംഗ് നടപടിയുമായി മുന്നോട്ടു പോകുന്നതു രോഗികളെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നതിനു തുല്യമാണെന്ന പരാതി വ്യാപകമാണ്. ഇതിനു പിന്നാലെയാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന മലബാർ കാൻസർ സെന്റർ അടക്കമുള്ള ആശുപത്രികൾക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നത്.
നേരത്തെ പട്ടികജാതി വികസന ഫണ്ടിനത്തിൽ 500 കോടിയും പട്ടിക വർഗ ഫണ്ടായുള്ള 112 കോടിയും സർക്കാർ വെട്ടിക്കുറച്ചിരുന്നു. അടുത്തിടെ പിഎസ്സി ചെയർമാനും അംഗങ്ങളും അടക്കമുള്ളവരുടെ ശന്പളം നാലു ലക്ഷത്തോളമായി കുത്തനെ ഉയർത്തിയ നടപടി ഏറെ വിവാദമായിരുന്നു.