നിയന്ത്രണംവിട്ടു മറിഞ്ഞ സ്കൂൾ ബസിനടിയിൽപ്പെട്ട് വിദ്യാർഥിനി മരിച്ചു
Thursday, January 2, 2025 2:55 AM IST
തളിപ്പറമ്പ്: സ്കൂളിൽനിന്നു കുട്ടികളെ വീടുകളിലേക്ക് എത്തിക്കുന്നതിനിടെ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. 20 പേർക്ക് പരിക്കേറ്റു.
കുറുമാത്തൂർ ചിന്മയ സ്കൂൾ ബസാണ് ഇന്നലെ വൈകുന്നേരം ശ്രീകണ്ഠപുരം റോഡിൽ വളക്കൈയിൽ അപകടത്തിൽപ്പെട്ടത്. അഞ്ചാം ക്ലാസ് വിദ്യാർഥിനി ചൊറുക്കള നാഗത്തിനു സമീപം എം.പി രാജേഷ്-സീന ദന്പതികളുടെ മകൾ നേദ്യ എസ്. രാജേഷാണ് (11) മരിച്ചത്.
അമിതവേഗത്തിലായിരുന്ന ബസ്, ചെറിയ പാതയായ അങ്കണവാടി കിഴാത്ത് റോഡില്‍നിന്നു വളക്കൈ സംസ്ഥാന പാതയിലേക്ക് ഒന്നിലേറെ തവണ മറിഞ്ഞുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നടുക്കുന്നതാണ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ.
തെറിച്ചുവീണ നേദ്യയുടെ ശരീരത്തിലേക്കാണു ബസ് മറിഞ്ഞത്. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. ബസിൽ 19 കുട്ടികളും ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
ഒരു വിദ്യാർഥിയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും പത്ത് വിദ്യാർഥികളെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവറും ആയയും അടക്കം ഒമ്പത് പേർ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
നേദ്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് വിദ്യാർഥിനി വേദ സഹോദരിയാണ്.