പുകവലിയെ പ്രോത്സാഹിപ്പിച്ചു; സജി ചെറിയാനെതിരേ പരാതി
Saturday, January 4, 2025 2:59 AM IST
തൃശൂർ: പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരേ പരാതി. കെപിസിസി സെക്രട്ടറി ജോണ് ഡാനിയൽ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റീസിനും പരാതി നൽകി.
യു. പ്രതിഭ എംഎൽഎയുടെ മകനെതിരായ കേസിനെ സംബന്ധിച്ചാണു സജി ചെറിയാൻ പരാമർശം നടത്തിയത്. ഇന്ത്യൻ പാർലമെന്റ് 2003 ൽ പാസാക്കിയ കോട്പ നിയമത്തെ പരസ്യമായി വെല്ലുവിളിച്ചതുവഴി ഭരണഘടനയെയും രാജ്യത്തെ നിയമനിർമാണസഭകളെയും അവഹേളിച്ച മന്ത്രിക്കെതിരേ അടിയന്തരനടപടി സ്വീകരിക്കണമെന്നാണു പരാതിയിൽ ആവശ്യപ്പെടുന്നത്.
കുട്ടികൾ പുകവലിക്കുന്നതു നല്ലതാണെന്നും അതിനെ അപരാധമായി കണക്കാക്കാനാവില്ലെന്നും മന്ത്രി പരസ്യമായി പ്രഖ്യാപിക്കുന്നതു രാജ്യത്തെ നീതിന്യായ നിയമവ്യവസ്ഥകളോടും ഭരണഘടനയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്.
നേരത്തേയും ഭരണഘടനയെ പരസ്യമായി അവഹേളിച്ച മന്ത്രിയെ പദവിയിൽ തുടരാൻ അനുവദിക്കുന്നതു ജനങ്ങൾക്കു നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും മന്ത്രിക്കെതിരേ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്നും ജോണ് ഡാനിയൽ ആവശ്യപ്പെട്ടു.