വേദിയില്‍ നടക്കാനുള്ള സ്ഥലമില്ല ; ഉമ തോമസ് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്
Friday, January 3, 2025 2:31 AM IST
കൊച്ചി: ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ടു കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നൃത്തപരിപാടിക്കെത്തിയ ഉമ തോമസ് എംഎല്‍എ കാല് തട്ടി വേദിയില്‍നിന്ന് താഴേക്കു വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. വേദിയില്‍ നടക്കാനുള്ള സ്ഥലം പോലുമില്ലായിരുന്നെന്ന് ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. പരിപാടിക്കെത്തിയ ഉമ തോമസ് വേദിയുടെ പിന്നിലൂടെ നടന്ന് മുന്‍നിരയിലേക്കു വരുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
വേദിയിലെത്തിയ ഉമ തോമസിനെ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരിലൊരാളായ നടന് സിജോയ് വര്‍ഗീസും ഒരു യുവതിയും ചേര്‍ന്നു സ്വീകരിക്കുന്നതും അവര്‍ കസേരയില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പിന്നീടാണ് മന്ത്രി സജി ചെറിയാനും മറ്റും ഇരിക്കുന്നിടത്തേക്കു നീങ്ങാനായി ഉമ എഴുന്നല്‍ക്കുന്നത്. തുടര്‍ന്ന് വേദിയില്‍ ഉണ്ടായിരുന്ന യുവതിയെ മറികടന്നു നടക്കാന്‍ ശ്രമിക്കുന്നതിനിടെ നിലതെറ്റി ക്യൂ മാനേജറില്‍ പിടിക്കാന്‍ ശ്രമിക്കുന്നതും ക്യൂ മാനേജര്‍ ഉള്‍പ്പെടെ എംഎല്‍എ താഴേക്കു പതിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മന്ത്രി സജി ചെറിയാന്, ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള, എഡിജിപി എസ്. ശ്രീജിത്, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ എന്നിവരുടെ കണ്മുന്നിലായിരുന്നു അപകടം. ഉമ തോമസ് താഴേക്കു വീഴുമ്പോള്‍ രക്ഷിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കസേരയില്‍നിന്നു വേദിയുടെ അരികിലേക്കുള്ള അകലം വളരെ ചെറുതാണ്. സ്ഥലപരിമിതിയും ഉറപ്പുള്ള ബാരിക്കേഡും ഇല്ലാത്തതാണ് അപകടകാരണമെന്നു ദൃശ്യത്തില്‍ വ്യക്തമാണ്. സംഘാടകരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.