നടത്ത വൈകല്യമുള്ള കുട്ടികൾക്കായി ‘ജിഗെയ്റ്റർ പീഡിയാട്രിക്’
Saturday, January 4, 2025 1:48 AM IST
തിരുവനന്തപുരം: കുട്ടികളിലെ നടത്ത വൈകല്യം പരിഹരിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറായ ജിഗെയ്റ്റർ പീഡിയാട്രിക്കുമായി ജെൻ റോബോട്ടിക്സ്.
റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്ത പരിശീലനം നല്കുന്ന ജിഗെയ്റ്റർ പീഡിയാട്രിക് ആരോഗ്യമന്ത്രി വീണാ ജോർജ് പുറത്തിറക്കി.
തണൽ ഗ്രൂപ്പ് വൈസ് ചെയർമാൻ സബിത് ഉമറിന് കൈമാറിക്കൊണ്ടാണ് ജിഗെയ്റ്റർ പീഡിയാട്രിക് പുറത്തിറക്കിയത്.
സെറിബ്രൽ പാൾസി, മസ്കുലർ ഡിസ്ട്രോഫി, മസ്തിഷ്കാഘാതം, സുഷുമ്നാ നാഡിയിലെ ക്ഷതം തുടങ്ങിയവ കാരണം നടത്ത വൈകല്യമുള്ള കുട്ടികൾക്ക് ജിഗെയ്റ്റർ പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനറിലൂടെ നടത്ത പരിശീലനം സാധ്യമാകും.
രാജ്യത്തെ പത്ത് സെന്റർ ഓഫ് എക്സലൻസില്‍ ഒന്നായി കേന്ദ്രസർക്കാർ തെരഞ്ഞെടുത്ത തിരുവനന്തപുരത്തെ ശ്രീ അവിട്ടം തിരുനാൾ (എസ്എടി) ആശുപത്രിയിൽ ജിഗെയ്റ്റർ പീഡിയാട്രിക് ഉപയോഗിക്കുമെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.