കലാമാമാങ്കത്തിനു നാളെ തിരിതെളിയും
Friday, January 3, 2025 2:31 AM IST
തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കത്തിനു നാളെ അരങ്ങുണരും. 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു തുടക്കം കുറിച്ച് നാളെ രാവിലെ ഒമ്പതിന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എംടി നിളയില്‍ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാവും. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ കെ. രാജന്, ജി.ആര്. അനില്‍, എ.കെ. ശശീന്ദ്രന്, റോഷി അഗസ്റ്റിന്, കെ.എന്‍. ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികള്‍ പങ്കെടുക്കും. പതിനയ്യായിരത്തിലധികം വിദ്യാർഥികരളാണ് പങ്കെടുക്കുന്നത്.
സ്വാഗത നൃത്താവിഷ്കാരം ഒരുങ്ങി
ചെറുതുരുത്തി: നാളെ തിരുവനന്തപുരത്തു തുടങ്ങുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനു കേരള കലാമണ്ഡലം ഒരുക്കുന്ന അവതരണഗാന നൃത്താവിഷ്കാരത്തിന്റെ അവസാനഘട്ട പരിശീലനത്തിലാണു വിദ്യാർഥികൾ.
കലാമണ്ഡലത്തിലെ 39 വിദ്യാർഥികളും വിവിധ സ്കൂളുകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 11 വിദ്യാർഥികളും ചേർന്നാണു നൃത്താവിഷ്കാരമൊരുക്കുന്നത്. കലാമണ്ഡലം നൃത്തവിഭാഗം അധ്യാപകരായ രജിത രവി, കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ എസ്. തുളസി, കലാമണ്ഡലം അരുൺ വാര്യർ എന്നിവരാണു പരിശീലകർ.
കേരളത്തിന്റെ തനതുകലകൾ ഉൾപ്പെടെ നിരവധി കലാരൂപങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണു നൃത്താവതരണം ചിട്ടപ്പെടുത്തിയിട്ടുള്ളത്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, ഗോത്രകലകൾ, മാർഗംകളി, ഒപ്പന, കളരിപ്പയറ്റ്, ദഫ് മുട്ട് തുടങ്ങിയ നിരവധിയായ കലാരൂപങ്ങൾ രംഗാവതരണത്തിലുണ്ടാവും.
10 മിനിറ്റ് ദൈർഘ്യത്തിൽ കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ ഗാനത്തിനാണ് കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ ചുവടുവയ്ക്കുന്നത്. തീർത്തും സൗജന്യമായാണു കലാമണ്ഡലം നൃത്താവിഷ്കാരം ഒരുക്കുന്നതും അവതരിപ്പിക്കുന്നതും.