ഡിജിറ്റൽ അറസ്റ്റ്: അന്പത്തെട്ടുകാരിയുടെ 45.60 ലക്ഷം കവർന്നു
Saturday, January 4, 2025 1:48 AM IST
തൃശൂർ: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ പെരിങ്ങാവ് സ്വദേശിയായ അന്പത്തെട്ടുകാരിയുടെ 45.60 ലക്ഷം തട്ടിയെന്നു പരാതി. ഗ്രേറ്റർ മുംബൈ പോലീസിന്റെ പേരിൽ വാട്സ് ആപ്പിൽനിന്നു വിളിച്ച് ആധാർ കാർഡ് ഉപയോഗിച്ചു തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തിയാണു പല ഘട്ടങ്ങളിലായി പണം കവർന്നത്.
മഹാരാഷ്ട്ര പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എന്ന പേരിലായിരുന്നു ഫോണ്‍വിളി. ആധാർ കാർഡ് ഉപയോഗിച്ച് ഒരാൾ റെന്റ് എ കാർ എടുത്തിട്ടുണ്ടെന്നും കാർ അപകടത്തിൽപെട്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിൽ ആറുകോടിയുടെ കള്ളപ്പണ ഇടപാടു കണ്ടെത്തിയിട്ടുണ്ടെന്നുമായിരുന്നു ഭീഷണി.
വൈകുന്നേരം നാലിന് അറസ്റ്റ് ചെയ്യുമെന്നു ഭീഷണി മുഴക്കി, അറസ്റ്റ് ഒഴിവാക്കാൻ ആദ്യം 93,000 രൂപയും പിന്നീട് 50,000 രൂപയും അയയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിനുശേഷം എസ്ബിഐ പാറമേക്കാവ് ബ്രാഞ്ചിൽനിന്ന് 16ന് 19,67,000 രൂപയും 17ന് 11,50,000 രൂപയും 18ന് 13,00,000 രൂപയും അയച്ചു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെയാണ് സിറ്റി സൈബർ പോലീസിൽ പരാതി നൽകിയത്.