കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ കണ്ണീരോടെ കോടതിവരാന്തയിൽ
Saturday, January 4, 2025 3:00 AM IST
കൊച്ചി: “ഞങ്ങൾക്കു ഞങ്ങടെ സ്വന്തം ഏട്ടന്മാരെയാണു നഷ്ടമായത്. നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന മനസിലാകൂ. കേസിലെ പ്രതികൾക്കു വധശിക്ഷ വിധിക്കുമെന്നായിരുന്നു പ്രതീക്ഷ.... വിധിയിൽ തൃപ്തിയില്ല... നഷ്ടം നഷ്ടമായിത്തന്നെ നിൽക്കുന്നു..” കൊച്ചി കലൂരിലെ സിബിഐ പ്രത്യേക കോടതിയുടെ വരാന്തയിലായിരുന്നു ആ ഇടറിയ വാക്കുകൾ കേട്ടത്.
കണ്ണീരണിഞ്ഞ മുഖത്തോടെ കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ പറഞ്ഞുതീർക്കുന്പോൾ തൊട്ടടുത്ത് കരഞ്ഞുതളർന്ന് ശരത് ലാലിന്റെ സഹോദരി അമൃതയും ഉണ്ടായിരുന്നു.
ആറു വർഷം മുന്പ് ആങ്ങളമാരെ നഷ്ടമായതിന്റെ സങ്കടമത്രയും ഇവരുടെ വാക്കുകളിലുണ്ടായിരുന്നു. ഇവരുടെ മുഖങ്ങളിൽ വായിച്ചെടുക്കാനായത് വാക്കുകളിലൊതുക്കി നിർത്താനാകാത്ത തീരാനോവ്.
കോടതിവരാന്തയിൽ സങ്കടങ്ങൾ ഉള്ളിലൊതുക്കാൻ പാടുപെട്ട് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, ശരത് ലാലിന്റെ അമ്മ ലത എന്നിവരുമുണ്ടായിരുന്നു.
ആറു വർഷം മുന്പ് കൊലക്കത്തിയിൽ ചോരചിന്തി മരിച്ച മക്കളെക്കുറിച്ചുള്ള നീറുന്ന ഓർമകളുമായാണ് അവരെത്തിയത്.
പെരിയ ഇരട്ടക്കൊലക്കേസിലെ വിധിപ്രസ്താവത്തിനു സാക്ഷ്യം വഹിക്കാൻ ഇന്നലെ രാവിലെ സിബിഐ കോടതി നടപടികൾ ആരംഭിക്കുന്നതിന് ഏറെ നേരം മുന്പേ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങൾ എത്തിയിരുന്നു.
പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബോബി ജോസഫിന്റെ കാബിനിലായിരുന്നു കോടതിനടപടികളുടെ സമയത്ത് അവർ ഇരുന്നത്. പ്രോസിക്യൂട്ടറും മറ്റ് അഭിഭാഷകരും നീതിപൂർവകമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷകൾ അവരുമായി പങ്കുവച്ചു.
വിധിയിൽ പൂർണതൃപ്തിയില്ലെന്നായിരുന്നു കൃപേഷിന്റെ അച്ഛന്റെ പ്രതികരണം. വധശിക്ഷയാണു പ്രതീക്ഷിച്ചത്. പ്രോസിക്യൂട്ടറോടും പാർട്ടിയോടും ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യത്തെ എട്ടു പ്രതികൾക്കെങ്കിലും ജീവപര്യന്തം ശിക്ഷയുണ്ടാകുമെന്ന് കരുതിയെന്ന് അമൃത പറഞ്ഞു. ആറു വർഷം കഴിയുന്പോൾ പുറത്തുവരുന്ന പ്രതികൾ ഇനിയും ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുമെന്ന ആശങ്കയുണ്ടെന്നും അമൃത ചൂണ്ടിക്കാട്ടി.
ഹൈബി ഈഡൻ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തുടങ്ങിയ കോൺഗ്രസ് നേതാക്കളെ കെട്ടിപ്പിടിച്ച് ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങൾ കരഞ്ഞതു കണ്ടുനിന്നവരെയും ഈറനണിയിച്ചു.