എസ്. ജയചന്ദ്രൻനായർ അന്തരിച്ചു
Friday, January 3, 2025 2:31 AM IST
തിരുവനന്തപുരം: പത്രാധിപരും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ജയചന്ദ്രൻ നായർ (85) ബംഗളൂരുവിൽ അന്തരിച്ചു. പട്ടം വൃന്ദാവൻ കോളനിയിൽ താമസിച്ചിരുന്ന ജയചന്ദ്രൻ നായർ കഴിഞ്ഞ ഏതാനും നാളായി മകൾ ദീപയോടൊപ്പം ബംഗളൂരുവിലേക്കു മാറിയിരുന്നു.
വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ഡോ. ജയ്ദീപ് (യുകെ), ദീപ (സോഫ്റ്റവേർ എൻജിനിയർ).
മലയാള വാർത്താ വാരികകൾക്ക് സവിശേഷമായ വ്യക്തിത്വം സമ്മാനിച്ച പത്രാധിപരായ ജയചന്ദ്രൻ നായർ നിരവധി യുവ എഴുത്തുകാരെ മലയാള സാഹിത്യത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
1957ൽ കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ കൗമുദിയിലൂടെ പത്രപ്രവർത്തനം തുടങ്ങി. കേരളകൗമുദി ദിനപത്രത്തിൽ പത്രാധിപസമിതി അംഗമായി. 1975ൽ കലാകൗമുദി വാരിക ആരംഭിച്ചപ്പോൾ ആദ്യം സഹപത്രാധിപരും പിന്നീട് ദീർഘകാലം പത്രാധിപരുമായി.
ഷാജി എൻ. കരുണിന്റെ പിറവി എന്ന സിനിമയുടെ തിരക്കഥാകൃത്തും നിർമാതാവും ജയചന്ദ്രൻ നായരായിരുന്നു. ഷാജിയുടെ സ്വം എന്ന സിനിമയുടെ കഥയും ജയചന്ദ്രന്റേതായിരുന്നു. 1997ൽ സമകാലിക മലയാളം വാരിക ആരംഭിച്ചപ്പോൾ സ്ഥാപക പത്രാധിപരായി. 2013 വരെ ഇവിടെ തുടർന്നു.
ആത്മഹത്യയിലേക്കുള്ള കുറുക്കുവഴി, മരക്കുതിര, ബാക്കിപത്രം തുടങ്ങിയ നോവലുകളും ഗബ്രിയേൽ ഗാർസിയ മാർകേസ്: ജീവിതവും എഴുത്തും, കഥാസരിത് സാഗരം അടക്കം 22 കൃതികൾ രചിച്ചു. "എന്റെ പ്രദക്ഷിണവഴികൾ' എന്ന ഗ്രന്ഥത്തിന് ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.