സ്കൂൾ കലോത്സവം; മാറ്റുരയ്ക്കുന്നത് 15,000 പ്രതിഭകൾ
Friday, January 3, 2025 2:31 AM IST
തിരുവനന്തപുരം: നാളെ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 15,000ല്‍ ഏറെ വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. ഉദ്ഘാടനത്തിനുശേഷം ഒന്നാം വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും.
ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍. ആകെ 25 വേദികളാണുള്ളത്. സെന്‍ട്രല്‍ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരവേദികള്‍ക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. മത്സരങ്ങള്‍ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.
മത്സര ഫലങ്ങള്‍ വേദികള്‍ക്കരികില്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിജിറ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങള്‍ കാണുന്നതിനും മത്സരപുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുണ്ട്. ഉത്സവം എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളര്‍ഷിപ്പായി 1,000 രൂപ നല്‍കും.
സംസ്കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി ഗോത്രകലകളായ മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ മത്സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്കൃതോത്സവം ഗവണ്മെന്റ് മോഡല്‍ എച്ച്എസ്എസ്, ഗവണ്മെന്റ് മോഡല്‍ എല്‍പിഎസ് തൈക്കാട് എന്നിവിടങ്ങളിലും അറബിക് കലോത്സവം ശിശുക്ഷേമ സമിതി ഹാള്‍ തൈക്കാട്, ഗവണ്മെന്റ് മോഡല്‍ എച്ച്എസ്എസ് തൈക്കാട് എന്നീ വേദികളിലുമാണ് നടക്കുന്നത്.
സംസ്കൃത സെമിനാറും, പണ്ഡിത സമാദരണവും അറബിക് എക്സിബിഷനും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. എട്ടിന് വൈകുന്നേരം അഞ്ചിന് കലോത്സവത്തിന്റെ സമാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയാവും.
മത്സരാർഥികൾക്കുള്ള സൗകര്യങ്ങൾ അറിയാം ക്യൂ ആർ കോഡിലൂടെ
കലോത്സവത്തിനെത്തുന്ന മൽസരാർഥികൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സമഗ്രമായി അറിയാൻ ക്യൂ ആർ കോഡ് സംവിധാനം. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ഓരോ ജില്ലയിലെയും മത്സരാർഥികൾക്ക് അനുവദിച്ചിട്ടുള്ള താമസസ്ഥലം, രജിസ്ട്രേഷൻ സെന്റർ, ഭക്ഷണസ്ഥലം തുടങ്ങിയവയുടെ വിശദാംശങ്ങൾ അറിയാൻ സാധിക്കും.
കൂടാതെ, നോഡൽ ഓഫിസർമാരുടെ ഫോൺ നമ്പർ, താമസസ്ഥലത്തിന്റെ ഫോൺ നമ്പർ, താമസസ്ഥലത്തിന്റെ ലൊക്കേഷൻ, കലോത്സവത്തിന്റെ ബ്രോഷർ, മത്സര സ്ഥലങ്ങളുടെ ലൊക്കേഷൻ, നോട്ടീസ് എന്നിവയും ക്യൂ ആർ കോഡിലൂടെ അറിയാം.
സംഘാടക സമിതി ചെയർമാൻ മന്ത്രി ജി.ആർ. അനിലിന് കൈമാറി ക്യൂ ആർ കോഡ് സംവിധാനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. താമസ സൗകര്യം ആവശ്യമുള്ള മത്സരാർഥികൾക്ക് ഓൺലൈനായി രജിസ്ട്രേഷൻ ചെയ്യുന്ന സമയത്തുതന്നെ അത് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.