കലോത്സവ വേദിയിലെ ‘അനിൽകുമാർ ടച്ച് ’
Saturday, January 4, 2025 2:59 AM IST
തിരുവനന്തപുരം: നിറങ്ങളാലിഴകൾ തുന്നിയും അഴകളവുകൾക്കൊത്ത് വർണപ്പട്ടിൽനിന്ന് ആടകൾ നെയ്തെടുത്തും ജീവിതത്തിന് തെളിച്ചമേകുന്പോൾ അനിൽകുമാർ കലോത്സവവേദിയിലെ ഒരു മത്സരാർഥിയെ പോലെയാണ്. കലാപൂരത്തിന് കൊടിയേറിയാൽ പിന്നെ അദ്ദേഹം മറ്റൊരു ലോകത്താണ്; വർണങ്ങളുടെ വിസ്മയ ലോകത്ത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിന് തലസ്ഥാനം വേദിയാകുന്പോൾ നർത്തകർക്ക് മത്സരവേദിയിലണിയാനുള്ള വസ്ത്രങ്ങൾ ഒരുക്കുന്ന തിരക്കിലാണ് കൊഞ്ചിറവിള സ്വദേശിയായ അനിൽകുമാർ.നാല് പതിറ്റാണ്ടായി കലോത്സവ വേദികളിലെത്തുന്ന നൃത്ത മത്സരാർഥികളുടെ പ്രിയപ്പെട്ട കോസ്റ്റ്യൂമറാണ് അനിൽ. അവർക്കായി വസ്ത്രങ്ങൾ ഒരുക്കുന്നത് അദ്ദേഹത്തിന് തൊഴിൽ മാത്രമല്ല, ഒരു കലാപ്രവർത്തനം കൂടിയാണ്.
പൂജപ്പുരയിൽ സൗപർണിക എന്ന പേരിൽ അനിൽകുമാർ നടത്തുന്ന ഡാൻസ് ഡ്രസ് മേക്കിംഗ് ഷോപ്പിലേക്ക് മത്സരയിനങ്ങൾക്കുള്ള വസ്ത്രങ്ങൾ തേടിയെത്തുന്നവർ നിരവധിയാണ്.
ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരള നടനം തുടങ്ങിയ നൃത്തയിനങ്ങൾക്കുള്ള വസ്ത്രങ്ങളാണ് അനിലും കടയിലെ ജീവനക്കാരും ചേർന്ന് തയാറാക്കി നൽകുന്നത്.
കലോത്സവ വേദിയിലെ നൃത്ത മത്സരാർഥികൾക്ക് വലിയ തുക ചെലവാക്കേണ്ടി വരുന്നത് വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള ചമയങ്ങൾക്കാണ്. കുറഞ്ഞ നിരക്കിൽ പുതിയ വസ്ത്രങ്ങൾ തയ്ച്ചു നൽകുന്നതിനൊപ്പം പണത്തിന്റെ ബുദ്ധിമുട്ട് നേരിടുന്നവർക്ക് അനിൽകുമാർ നൃത്തയിനങ്ങൾക്കായുള്ള വസ്ത്രങ്ങൾ വാടകയ്ക്കും നൽകുന്നുണ്ട്.
നൃത്താധ്യാപികയായ ഭാര്യ സരസ്വതിക്കു വേണ്ടിയും നർത്തകരായ മക്കൾക്കു വേണ്ടിയും അനിൽകുമാർ വസ്ത്രങ്ങൾ തയാറാക്കിയിട്ടുണ്ട്. കലോത്സവ വേദയിലെ മിന്നും പ്രകടനത്തിന് അഞ്ചു മക്കൾക്കും കൂട്ടായത് അച്ഛൻ തയാറാക്കിയ വസ്ത്രങ്ങളാണ്.
മത്സരവേദികളിൽ അവർ സമ്മാനങ്ങൾ വാരിക്കൂട്ടി. കലാക്ഷേത്രയിൽ പഠിച്ചിറങ്ങിയ മകൾ സൗപർണിക ഇപ്പോൾ തിരുവനന്തപുരം സംഗീത കോളജിലെ പിജി വിദ്യാർഥിയാണ്. തൊട്ടു താഴെയുള്ള മകൾ അപർണയും ഏറ്റവും ഇളയവളായ സുപർണയും നൃത്താധ്യാപകരാണ്.
കലയുടെ ലോകത്ത് ജീവതമാർഗവും സന്തോഷവും കണ്ടെത്തിയ ഈ കലാകുടുംബത്തെ പക്ഷേ അനിൽകുമാറിന്റെ മൂത്ത മകൻ രുഹുലിന്റെ മരണം തളർത്തി. സംസ്ഥാന കലോത്സവത്തിൽ കുച്ചിപ്പുടിക്ക് രണ്ടാം സ്ഥാനമുൾപ്പെടെ നിരവധി മത്സരങ്ങളിൽ മികവ് പ്രകടിപ്പിച്ച രാഹുൽ പഠനം പൂർത്തിയാക്കിയ ശേഷം സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു.
നൃത്തത്തിനു പുറമെ കായികരംഗത്തും സജീവമായിരുന്ന രാഹുൽ മൂന്നു വർഷം മുൻപ് കളിക്കളത്തിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിലാവുകയും ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെടുകയുമായിരുന്നു.
ഇളയ മകൻ രാജേഷിനും കുടുംബത്തിനുമൊപ്പം പൂജപ്പുരയിലാണ് ഇപ്പോൾ അനിൽകുമാറും ഭാര്യ സരസ്വതിയും താമസിക്കുന്നത്. മകന്റെ വിയോഗമുണ്ടാക്കിയ സങ്കടത്തിൽനിന്ന് മുക്തനായിട്ടില്ലെങ്കിലും തന്നെ തേടിയെത്തുന്ന മത്സരാർഥികൾക്കായി അദ്ദേഹം വീണ്ടും വസ്ത്ര നിർമാണത്തിൽ സജീവമായി.
സംസ്ഥാന കലോത്സവം തിരുവനന്തപുരത്ത് നടക്കുന്പോൾ നൃത്ത ചമയങ്ങളിലെ ‘അനിൽകുമാർ ടച്ച്’ ഇക്കുറിയും കലോത്സവവേദികളിൽ നിറഞ്ഞാടും.