മാർ ബേസിലിന്റെ വിലക്ക് പിൻവലിക്കാൻ മന്ത്രിക്ക് എംഎൽഎയുടെ കത്ത്
Saturday, January 4, 2025 2:59 AM IST
കോതമംഗലം: സംസ്ഥാന സ്കൂൾ കായികമേളയിൽ ചാമ്പ്യൻഷിപ്പ് പട്ടം നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് പരസ്യ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് മാർ ബേസിൽ സ്കൂളിനെ അടുത്ത വർഷത്തെ സ്കൂൾ കായികമേളയിൽനിന്നു വിലക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ മന്ത്രി വി. ശിവൻകുട്ടിക്ക് കത്ത് നൽകി.
കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്ത് ഒട്ടേറെ ദേശീയ -അന്തർദേശീയ താരങ്ങളെ വളർത്തിയെടുത്ത മാതൃകാ വിദ്യാലയമാണു മാർ ബേസിൽ. വിലക്കേർപ്പെടുത്തിയ നടപടിയുമായി മുന്നോട്ടുപോയാൽ ഒട്ടേറെ കായികതാരങ്ങളുടെ അവസരം നഷ്ടമാകുമെന്നു മാത്രമല്ല കുട്ടികളെ സംബന്ധിച്ച് കടുത്ത മാനസിക സംഘർഷത്തിനും കാരണമാകും.
പൊതുവിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച അന്വേഷണ സമിതി മുന്പാകെ സ്കൂൾ അധികൃതർ ക്ഷമാപണം നടത്തിയതായി അറിഞ്ഞു . ചാമ്പ്യൻഷിപ്പ് പട്ടവുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാർഥികളുടെ പ്രതിഷേധം വൈകാരികം മാത്രമായിരുന്നുവെന്നു കണക്കാക്കി തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിക്കണമെന്നും എംഎൽഎ കത്തിൽ ആവശ്യപ്പെട്ടു.