‘അമ്മ’ കുടുംബസംഗമം നാളെ കൊച്ചിയിൽ
Friday, January 3, 2025 2:31 AM IST
കൊച്ചി: താരസംഘടനയായ ‘അമ്മ’ യുടെ പ്രഥമ കുടുംബസംഗമം നാളെ കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
രാവിലെ ഒമ്പതു മുതൽ രാത്രി പത്തു വരെ നടക്കുന്ന പരിപാടിയിൽ ‘അമ്മ’ അംഗങ്ങളായ 240 ഓളം പേർ ഒരുക്കുന്ന കലാ, വിനോദ പരിപാടികൾ ഉണ്ടാകും. സുരേഷ് ഗോപി എംപി, മമ്മൂട്ടി, മോഹൻലാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
കുടുംബസംഗമത്തിന്റെ റിഹേഴ്സൽ ക്യാമ്പ് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ ആരംഭിച്ചു. നടനും സംവിധായകനുമായ ശ്രീനിവാസൻ, നടി മമിതാ ബൈജു എന്നിവർ ചേർന്ന് ക്യാന്പ് ഉദ്ഘാടനം ചെയ്തു.
കുടുംബസംഗമത്തിലൂടെ സമാഹരിക്കുന്ന തുക അംഗങ്ങളിലെ ആവശ്യക്കാർക്ക് ജീവൻരക്ഷാ മരുന്നുകൾ ആജീവനാന്തം സൗജന്യമായി നൽകുന്നതിന് ഉപയോഗിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം ലൈംഗികാരോപണമുൾപ്പെടെയുള്ള കേസുകളിൽ ‘അമ്മ’ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ് ഉൾപ്പെടെ വിവിധ നടന്മാരും സിനിമാപ്രവർത്തകരും അറസ്റ്റിലായിരുന്നു. സംഘടനയുടെ നിലവിലുണ്ടായിരുന്ന ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചശേഷമുള്ള താരസംഗമമാണു നാളെ നടക്കുന്നത്.