വളക്കൈ ബസപകടം: ഡ്രൈവറുടെ വാട്സാപ്പ് സ്റ്റാറ്റസിനെക്കുറിച്ചും അന്വേഷണം
Saturday, January 4, 2025 1:48 AM IST
തളിപ്പറമ്പ്: വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അപകടത്തിന് കാരണമായത് ഡ്രൈവറുടെ ഗുരുതര വീഴ്ചയാണെന്നു മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയതിനു പിന്നാലെ ഡ്രൈവറുടെ ഫോണിലെ വാട്സാപ്പ് സ്റ്റാറ്റസിനെക്കുറിച്ചും അന്വേഷിക്കുന്നു.
ബസിനു യന്ത്രത്തകരാറോ മറ്റ് ഗുരുതര പ്രശ്നങ്ങളോ കണ്ടെത്തിയിട്ടില്ല. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്റെ ഗിയർ മാറ്റാതെ അമിതവേഗത്തിൽ വന്നതും വളവിന് അടുത്തെത്തിയപ്പോൾ ഗിയർ മാറ്റാൻ ശ്രമിച്ചപ്പോൾ സാധിക്കാതെ വന്നതുമാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക കണ്ടെത്തൽ.
നിയന്ത്രണം വിട്ടു മറിയുന്നതിനു തൊട്ട് മുന്പ് ബസിന്റെ ഇടതുവശം അങ്കണവാടിയുടെ മതിലിൽ ഇടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ഡ്രൈവറുടെ അശ്രദ്ധയിലേക്കാണു വിരൽ ചൂണ്ടുന്നത്.
അപകടം നടന്ന സമയമായ 4. 03ന് ഡ്രൈവർ നിസാമിന്റെ ഫോണിൽ സ്റ്റാറ്റസ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതു താൻ നേരത്തെ ഇട്ടതാണെന്നും നെറ്റ്വർക്ക് പ്രശ്നം കാരണം അപ്ലോഡാകാൻ സമയമെടുത്തതെന്നുമാണ് നിസാമിന്റെ വാദം.
എന്നാൽ കിലോമീറ്ററുകളോളം നെറ്റ്വർക്ക് ഇല്ലാത്ത പ്രദേശമല്ല കുറുമാത്തൂരിനും വളക്കൈക്കുമിടയിലേത് എന്നതും സംശയങ്ങൾ വർധിപ്പിക്കുന്നുണ്ട്. നിസാമിന്റെ ഫോൺ ശ്രീകണ്ഠപുരം പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
വാട്സാപ്പ് സ്റ്റാറ്റസ് സംബന്ധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തിവരികയാണെന്ന് ശ്രീകണ്ഠപുരം സിഐ അറിയിച്ചു. നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് നിസാമിനെതിരേ പോലീസ് കേസെടുത്തിട്ടുള്ളത്.