ദേശീയ സീനിയർ ഫെൻസിംഗ് ; ഹരിയാനയും സർവീസസും ഓവറോൾ ചാമ്പ്യൻമാർ
Saturday, January 4, 2025 2:59 AM IST
കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 35-ാമത് ദേശീയ സീനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ 35 പോയിന്റ് നേടി ഹരിയാനയും പുരുഷ വിഭാഗത്തിൽ 25 പോയിന്റ് നേടി സർവീസസും ഓവറോൾ ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തിൽ 16 പോയിന്റോടെ മണിപ്പുർ രണ്ടാം സ്ഥാനവും 10 പോയിന്റോടെ തമിഴ്നാട് മൂന്നാം സ്ഥാനവും നേടി.
പഞ്ചാബ് ഒന്പത് പോയിന്റും ഛത്തീസ്ഗഡ് ആറും കേരളവും ജമ്മു കാശ്മീരും അഞ്ചു പോയിന്റ് വീതവും നേടി. ചണ്ഡിഗഡ്, മഹാരാഷ്ട്ര എന്നിവ യഥാക്രമം നാല്, മൂന്ന് പോയിന്റുകൾ നേടി.
പുരുഷ വിഭാഗത്തിൽ 18 പോയിന്റ് നേടിയ മഹാരാഷ്ട്രയ്ക്കാണു രണ്ടാം സ്ഥാനം. 16 പോയിന്റുകൾ നേടി ഹരിയാന മൂന്നാം സ്ഥാനം നേടി. തമിഴ്നാട് 10 പോയിന്റും മണിപ്പുർ ഒൻപത് പോയിന്റും പഞ്ചാബ്, ജമ്മു-കാശ്മീർ എന്നിവർ അഞ്ചു പോയിന്റ് വീതവും നേടി. ഗുജറാത്തിന് മൂന്നു പോയിന്റും ബിഹാറിന് രണ്ടു പോയിന്റ് ലഭിച്ചു.
സമാപന സമ്മേളനം സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്ത് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
സംഘാടകസമിതി ചെയർമാൻ കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഫെൻസിംഗ് കോൺഫഡറേഷൻ ഓഫ് ഏഷ്യ സെക്രട്ടറി ജനറൽ രാജീവ് മേത്ത, തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.