കെസിവൈഎം കേരള യൂത്ത് കോൺഫറൻസിനു തുടക്കമായി
Saturday, January 4, 2025 2:59 AM IST
മൂവാറ്റുപുഴ: കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കോതമംഗലം രൂപതയുടെ ആതിഥേയത്വത്തിൽ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടക്കുന്ന കേരള യൂത്ത് കോൺഫറൻസ് (കെവൈസി ) കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണവും കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര ആമുഖപ്രഭാഷണവും നടത്തി. കോതമംഗലം രൂപത ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ, പ്രസിഡന്റ് ജെറിൻ മംഗലത്തുകുന്നേൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ്, സെക്രട്ടറി മരീറ്റാ തോമസ് എന്നിവർ പ്രസംഗിച്ചു.
200 ലധികം യുവജനങ്ങൾ പങ്കെടുക്കുന്ന പരിപാടിയുടെ ആദ്യദിനത്തിൽ കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേമിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാന ഉണ്ടായിരുന്നു. കർദിനാൾ മാർ ജോർജ് കൂവക്കാട്ട് യുവജനങ്ങളെ സന്ദർശിക്കുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
ദേശം, ദേശീയത, മതം, സമകാലിക ഇന്ത്യൻ രാഷ്ട്രീയം എന്നീ വിഷയങ്ങളിൽ നടന്ന പാനൽ ചർച്ചയിൽ ചാണ്ടി ഉമ്മൻ എംഎൽഎ, മുൻ മന്ത്രി വി.എസ്. സുനിൽ കുമാർ, നവീൻജി നാദമണി, സന്ദീപ് വാചസ്പതി, ആന്റണി ജൂഡി എന്നിവർ പങ്കെടുത്തു. മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ജോയ്സ് മേരി ആന്റണി മോഡറേറ്ററായിരുന്നു. യൂത്ത് കോൺഫറൻസ് നാളെ സമാപിക്കും.