പെരിയ ഇരട്ടക്കൊലക്കേസ് നാൾവഴി
Saturday, January 4, 2025 3:00 AM IST
2019 ഫെബ്രുവരി 17:
കല്യോട്ടെ പി.വി. കൃഷ്ണന്റെ മകന് കൃപേഷ് (കിച്ചു-19), പി.കെ. സത്യനാരായണന്റെ മകന് ശരത്ലാല് എന്ന ജോഷി (23) എന്നിവരെ കല്യോട്ട് സ്കൂള്‍- ഏച്ചിലടുക്കം റോഡില്‍ രാത്രി 7.45ന് ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തി.
ഫെബ്രുവരി 18:
സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്, സജി ജോര്‍ജ് എന്നിവര്‍ അറസ്റ്റില്‍. പീതാംബരനെ പാര്‍ട്ടി പുറത്താക്കി.
ഫെബ്രുവരി 21:
കേസ് സിബിഐക്കു വിടണമെന്ന ആവശ്യം ശക്തം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. എസ്പി വി.എം. മുഹമ്മദ് റഫീഖിന് അന്വേഷണച്ചുമതല.
മാര്‍ച്ച് 1:
അന്വേഷണസംഘം മേധാവി എസ്പി മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചതിനു പിന്നാലെ സംഘത്തിലെ ഡിവൈഎസ്പിക്കും സിഐമാര്‍ക്കും മാറ്റം.
ഏപ്രില്‍ 1:
അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയില്‍.
മേയ് 14:
സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ. മണികണ്ഠന്, പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
മേയ് 20:
ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ആകെ 14 പ്രതികള്‍. മുഴുവന്‍ പ്രതികള്‍ക്കും സിപിഎമ്മുമായി ബന്ധം.
സെപ്റ്റംബര്‍ 30:
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐക്ക് വിട്ടു.
ഒക്ടോബര്‍ 29:
വിധിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിന് അപ്പീല്‍ നല്കി.
2020 ഓഗസ്റ്റ് 10:
അപ്പീല്‍ നല്കി ഒമ്പതു മാസം പിന്നിട്ടിട്ടും കോടതി വിധി പറയാത്ത സാഹചര്യത്തില്‍ കേസ് മറ്റൊരു ബെഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍.
ഓഗസ്റ്റ് 24:
കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹന്‍ ഉണ്ണിത്താന് എംപിയുടെ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.
ഓഗസ്റ്റ് 25:
സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന് ബെഞ്ചും തള്ളി. എംപി നിരാഹാരം അവസാനിപ്പിച്ചു.
സെപ്റ്റംബര്‍ 12:
സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തടസഹര്‍ജിയുമായി കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കളും.
ഡിസംബര്‍ ഒന്ന്:
സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുത്തു.
ഡിസംബര്‍ 10:
ക്രൈംബ്രാഞ്ച് കേസ് ഡയറി സിബിഐ അന്വേഷണസംഘത്തിനു കൈമാറി.
2021 ഡിസംബര്‍ 3:
സിബിഐ അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. 24 പേര് പ്രതിപ്പട്ടികയില്‍.
2023 ഫെബ്രുവരി രണ്ട്:
കൊച്ചി സിബിഐ കോടതിയില്‍ കേസ് വിചാരണ തുടങ്ങി.
2024 ഡിസംബര്‍ 23:
കേസ് വീണ്ടും 28ന് പരിഗണിക്കുമെന്ന് കോടതി.
2024 ഡിസംബര്‍ 28:
14 പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി, 10 പേരെ വെറുതെവിട്ടു.
2025 ജനുവരി 3:
കൊച്ചി സിബിഐ കോടതി 14 പ്രതികൾക്കു ശിക്ഷ വിധിച്ചു. 10 പേർക്ക് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം പിഴയും. മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ ഉൾപ്പടെ നാലു പ്രതികൾക്ക് അഞ്ചു വർഷം തടവും 10,000 രൂപ പിഴയും.