കെഎസ്ആർടിസിക്കു പുതിയ ബസുകൾ വാങ്ങാൻ പണം അനുവദിച്ചു
Saturday, January 4, 2025 1:48 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിക്കു പുതിയ ബസുകൾ വാങ്ങാൻ പണം അനുവദിക്കാൻ സർക്കാർ തീരുമാനം. സംസ്ഥാനതല വർക്കിംഗ് കമ്മിറ്റി കഴിഞ്ഞ ചൊവാഴ്ച ചേർന്ന യോഗത്തിൽ 63 കോടി രൂപ പ്ലാൻ ഫണ്ട് ഇനത്തിൽ അനുവദിക്കാൻ തീരുമാനിച്ചു. പണം കെഎസ്ആർടിസിക്ക് നേരിട്ട് കൈമാറില്ല. വാഹന നിർമാതാക്കൾക്ക് കൈമാറും.
2016നു ശേഷം ആദ്യമായാണ് കെഎസ്ആർടിസി ബസുകൾ വാങ്ങുന്നത്. പഴഞ്ചൻ ബസുകൾ ഉപയോഗിച്ചാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കഴിഞ്ഞ ഓണക്കാലത്ത് 200 പുതിയ ബസുകൾ വാങ്ങാൻ ശ്രമം നടത്തിയിരുന്നു.
സർക്കാരിൽ നിന്നും 92 കോടി രൂപ പ്ലാൻ ഫണ്ട് ഇനത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കുകയും ടാറ്റയുമായി 200 ബസുകൾ വാങ്ങാൻ കരാറാവുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ പണം അനുവദിക്കാതിരുന്നതിനാൽ കഴിഞ്ഞ മാസം ടാറ്റയുമായുള്ള കരാർ കെഎസ്ആർടിസി റദ്ദാക്കുകയായിരുന്നു.