കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കാം: ഹൈക്കോടതി
Saturday, January 4, 2025 2:59 AM IST
കൊച്ചി: കലോത്സവ അപ്പീലുകളില്‍ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്നു തുടങ്ങാനിരിക്കെയാണ് നിരവധി ഹര്‍ജികള്‍ ഇന്നലെ അവധിക്കാല ബെഞ്ചില്‍ എത്തിയത്. കലോത്സവ പരാതികള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാരിന് ആലോചിക്കാമെന്നു കോടതി നിര്‍ദേശിച്ചു.
ആവശ്യമെങ്കില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ട്രൈബ്യൂണലില്‍ നിയമിക്കാം. ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരില്‍ നഷ്ടപ്പെടുത്താനാകില്ല. കലോത്സവ വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കി.
കലോത്സവ മാന്വല്‍ ലംഘിക്കപ്പെട്ടതടക്കം പ്രഥമദൃഷ്ട്യാ ന്യായമെന്നു കണ്ട ഹര്ജികളിന്മേല് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ അനുവദിച്ച് കോടതി ഉത്തരവിട്ടു. കലോത്സവത്തെ ശരിയായ അര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാല്‍ പരാതികള്ക്കിടയുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി.