കെഎഫ്സിക്ക് കോടികളുടെ നഷ്ടം: മറുപടി പറയിക്കുമെന്ന് പ്രതിപക്ഷനേതാവ്
Saturday, January 4, 2025 2:59 AM IST
കൊച്ചി: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ നേതൃത്വത്തിലുള്ളവര്‍ രാഷ്ട്രീയ പിന്‍ബലത്തോടെ കമ്മീഷന് വാങ്ങി സംസ്ഥാനത്തിന് 101 കോടിയുടെ നഷ്ടമുണ്ടാക്കിയവരെക്കൊണ്ടു നിയമപരമായും രാഷ്ട്രീയമായും മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആരോപണം ഉന്നയിച്ചപ്പോള്‍ തോമസ് ഐസക്കിനെക്കുറിച്ച് ഒരു ആരോപണവും താന്‍ ഉന്നയിച്ചില്ലെങ്കിലും അദ്ദേഹം അഴിമതിയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. നിയമപരമായാണ് ഈ നിക്ഷേപം നടത്തിയതെന്നു പറഞ്ഞാണ് അദ്ദേഹം വെല്ലുവിളിച്ചിരിക്കുന്നത്. കെഎഫ്സിയുടെ നിക്ഷേപം സംബന്ധിച്ച ചോദ്യത്തിന് ആറു മാസമായി നിയമസഭയില്‍ മറുപടി നല്‍കാത്ത ഇപ്പോഴത്തെ ധനമന്ത്രിയും അഴിമതി ആരോപണത്തിന് മറുപടി നല്‍കിയിട്ടുണ്ട്.
സെക്ഷന്‍ 33 പ്രകാരം കെഎഫ്സി റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ ദേശസാത്കൃത ബാങ്കിലോ ഷെഡ്യൂള്‍ഡ് ബാങ്കിലോ മാത്രമേ നിക്ഷേപം നടത്താവൂ. ഡിവഞ്ചറുകളോ ഷെയറുകളോ ഇന്‍വെസ്റ്റ് ചെയ്യണമെങ്കില്‍ കെഎഫ്സി ബോര്‍ഡ് തീരുമാനിക്കണമെന്നുമുണ്ട്.
എന്നാല്‍ ബോര്‍ഡ് യോഗം പോലും ചേരാതെ തിരക്കുപിടിച്ച് ഇത്രയും കോടി രൂപ നിക്ഷേപിച്ചത് എന്തിനുവേണ്ടിയാണെന്നു വ്യക്തമാക്കണം. അനില്‍ അംബാനിയുടെ കമ്പനികള്‍ പൊളിയുന്ന കാലത്താണു കെഎഫ്സി പണം നല്‍കിയതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.