കുട്ടികളായാൽ കന്പനിയടിക്കും, പുകവലിക്കും...അത് വലിയ അപരാധമാണോ എന്ന് മന്ത്രി സജി ചെറിയാൻ
Saturday, January 4, 2025 1:48 AM IST
കായംകുളം: യു. പ്രതിഭ എംഎൽഎയുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ എക്സൈസിനെതിരേ സാംസ്കാരിക മന്ത്രി സജി ചെറിയാൻ രംഗത്ത്. കുട്ടികളായാൽ കമ്പനിയടിക്കും, പുകവലിക്കും. വലിയ മഹാ അപരാധം ചെയ്ത പോലെയാ പറയുന്നത്. കുട്ടികളല്ലേ, കൂട്ടുകൂടി കാണും.. വലിച്ചു കാണും. അതിത്ര വല്യ കാര്യമാണോ.
ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. നമ്മൾ ആരും കുട്ടികൾ ആകാതെ ആണല്ലോ ഇങ്ങോട്ടുവന്നത്. ചെറുപ്പത്തിൽ ചെയ്തുകൂട്ടിയ കാര്യങ്ങൾ ഓർത്താൽ ഒരു പുസ്തകമെഴുതാം.
മോശപ്പെട്ട കാര്യം ചെയ്തെന്ന് ഒരു കേസിലുമില്ല. ആ എഫ്ഐആർ താൻ വായിച്ചു നോക്കി. നമ്മൾ എല്ലാം വലിക്കുന്നവരല്ലേ. താനും സിഗരറ്റ് വലിക്കും. എം.ടി. കെട്ടുകണക്കിന് ബീഡി വലിക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു.
കായംകുളത്ത് സിപിഎം സംഘടിപ്പിച്ച എസ്. വാസുദേവൻ പിള്ള അനുസ്മരണത്തിലാണ് മന്ത്രിയുടെ പ്രസംഗം. യു. പ്രതിഭ എംഎൽഎയെ വേദിയിൽ ഇരുത്തിയായിരുന്നു മന്ത്രിയുടെ പ്രസംഗം.
കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്ന് മന്ത്രി ചോദിച്ചു. പ്രതിഭയുടെ മകൻ ഇങ്ങനെ ഒരു കാര്യത്തിൽ കൂട്ടുകൂടി. അതിന് പ്രതിഭ എന്ത് വേണം? അവർ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേയെന്നും മന്ത്രി ചോദിച്ചു.
കഴിഞ്ഞയാഴ്ച തകഴി പുലിമുഖം ജെട്ടിക്കു സമീപം കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ ഒമ്പത് യുവാക്കൾ പിടിയിലായ കേസിൽ യു. പ്രതിഭ എംഎൽഎയുടെ മകൻ കനിവും ഉൾപ്പെട്ടിരുന്നു.