സ്കൂള്‍ കായികമേള: തിരുനാവായ എന്എംഎച്ച്എസ്എസിനും കോതമംഗലം മാര്‍ ബേസിലിനും വിലക്ക്
Friday, January 3, 2025 2:31 AM IST
തിരുവനന്തപുരം: കേരള സ്കൂള്‍ കായികമേളയുടെ സമാപന ചടങ്ങ് അലങ്കോലപ്പെടുത്തുന്ന രീതിയില്‍ പ്രതിഷേധം നടത്തിയ രണ്ടു സ്കൂളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
മലപ്പുറം ജില്ലയിലെ തിരുനാവായ എന്‍എംഎച്ച്എസ്എസ്, എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസ് എന്നീ സ്കൂളുകളെയാണ് വിലക്കിയത്. അടുത്ത വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികമേള മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനാണ് വിലക്ക്.
കഴിഞ്ഞ നവംബര്‍ നാലു മുതല്‍ 11 വരെ എറണാകുളം ജില്ലയില്‍ സംഘടിപ്പിച്ച സ്കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിശോധിച്ചു റിപ്പോര്‍ട്ട് സമര്പിക്കാന് മൂന്നംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കമ്മിറ്റി നിര്‍ദേശപ്രകാരമാണ് നടപടി.
അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മാർ ബേസിൽ സ്കൂൾ
കോതമംഗലം: സംസ്ഥാന സ്കൂൾ കായികമേളയിൽ വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യാതൊരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളി പറഞ്ഞു.
മാധ്യമങ്ങളിൽനിന്നുള്ള അറിവ് മാത്രമാണുള്ളത്. അത്തരമൊരു അറിയിപ്പ് ലഭിച്ചാൽ മാനേജ്മെന്റ് കമ്മിറ്റിയിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എറണാകുളത്തു നടന്ന കായികമേളയിൽ തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിനു രണ്ടാം സ്ഥാനം നൽകിയതിനെതിരെയാണ് പ്രതിഷേധിച്ചത്.