കലൂരിലെ മെഗാ നൃത്തപരിപാടി; ജിസിഡിഎയ്ക്ക് പോലീസ് നോട്ടീസ്
Friday, January 3, 2025 2:31 AM IST
കൊച്ചി: കലൂര്‍ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ച സംഭവത്തില്‍ ജിസിഡിഎയ്ക്കു നോട്ടീസ് നല്കി പോലീസ്. ജിസിഡിഎ സെക്രട്ടറിക്കാണു നോട്ടീസ് നല്‍കിയതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.
പരിപാടിക്കു മുമ്പായി ജിസിഡിഎ സ്റ്റേഡിയം പരിശോധിച്ചോയെന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണു നോട്ടീസ്. നൃത്തപരിപാടിക്കു മുമ്പ് സ്റ്റേജ് പരിശോധിക്കേണ്ടത് ജിസിഡിഎ എന്‍ജിനിയറിംഗ് വിഭാഗമാണ്. ജിസിഡിഎ സൈറ്റ് എന്ജിനിയര്കൂടി മറുപടി പറയണമെന്നും നോട്ടീസിലുണ്ട്.
നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷനും ജിസിഡിഎയും തമ്മിലുള്ള കരാറിലെ നാലാമത്തെ ഇനമായി പരിപാടിക്കു മുമ്പായി ജിസിഡിഎ എന്‍ജിനിയറിംഗ് വിഭാഗം സ്റ്റേഡിയം പരിശോധന നടത്തണമെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ പരിപാടിക്കു മുമ്പായി ജിസിഡിഎ പരിശോധന നടത്തുകയും താത്കാലികമായി തട്ടിക്കൂട്ടിയ സ്റ്റേജ് പൊളിച്ചുമാറ്റുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തില്ലെന്നതാണു പോലീസിന്റെ ചോദ്യം.
പരിപാടിക്കു മുമ്പായി ജിസിഡിഎ എന്‍ജിനിയറിംഗ് വിഭാഗം പരിശോധന നടത്തിയെന്നും ഉദ്ഘാടനം നടത്തുന്നതിനു വേണ്ടിയുള്ള ചെറിയ സ്റ്റേജ് മാത്രമാണിതെന്ന് സംഘാടകര്‍ അറിയിച്ചുവെന്നുമാണ് ജിസിഡിഎ ചെയര്മാന് പറഞ്ഞിരുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ പോലീസിനു കൈമാറണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.
അപകടത്തിനു ശേഷം പൊതുമരാമത്ത് വകുപ്പ് നടത്തിയ പരിശോധനയില്‍ ഉമ തോമസ് വീണ സ്റ്റേജിന്റെ ഭാഗം പുല്‍ത്തകിടിയിലേക്കു ചരിഞ്ഞാണ് ഇരിക്കുന്നതെന്നും പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജിസിഡിഎ സൈറ്റ് എന്‍ജിനിയര്‍ മറുപടി നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.