മുതിര്‍ന്ന നേതാക്കള്‍ ജയിലിലേക്ക്; സിപിഎം നേതൃത്വം ഞെട്ടലില്‍
Saturday, January 4, 2025 3:00 AM IST
കാസര്‍ഗോഡ്: സിപിഎം കാസര്‍ഗോഡ് ജില്ലാ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തിരിച്ചടിയാണു കല്യോട്ട് ഇരട്ടക്കൊലപാതക കേസ് സമ്മാനിച്ചത്. അടുത്ത എംഎല്‍എയെന്നും ജില്ലാ സെക്രട്ടറിയെന്നും വിശേഷിപ്പിക്കപ്പെട്ട രണ്ടു തലമുതിര്‍ന്ന നേതാക്കള്‍ക്കാണ് അഞ്ചുവര്‍ഷം ശിക്ഷ വിധിച്ചിരിക്കുന്നത്.
അറസ്റ്റിലായ കെ.വി. കുഞ്ഞിരാമന് രണ്ടു ടേമുകളിലായി 2001 മുതല്‍ 2011 വരെ ഉദുമ എംഎല്‍എയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗമായ കുഞ്ഞിരാമന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്കൂടിയാണ്. മാത്രമല്ല, അടുത്ത പാര്‍ട്ടി ജില്ലാ സെക്രട്ടറിയാകാൻ പരിഗണിക്കപ്പെടേണ്ട നേതാവായിരുന്നു കുഞ്ഞിരാമന്.
സിപിഎമ്മിന്റെ ജില്ലയിലെ യുവനേതാക്കളില്‍ പ്രമുഖനാണു മണികണ്ഠന്. കൊലപാതകം നടക്കുന്ന സമയത്ത് സിപിഎം ഉദുമ ഏരിയ സെക്രട്ടറിയായിരുന്ന മണികണ്ഠന് പിന്നീട് തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും 2022ല്‍ നടന്ന പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റിയംഗവുമായി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍, സിപിഎമ്മിനു ശക്തമായ വേരോട്ടമുള്ള ഉദുമ നിയോജകമണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടതില്‍ മുന്‍നിരയിലുണ്ടായിരുന്നത് മണികണ്ഠന്റെ പേരായിരുന്നു.
വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി താണ്ടവേയാണ് അപ്രതീക്ഷിതമായി ശിക്ഷാവിധിയുണ്ടാകുന്നത്. അഞ്ചുവര്‍ഷത്തെ ശിക്ഷ അവര്‍ ഒട്ടുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഇതോടെ മണികണ്ഠന് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനവും കുഞ്ഞിരാമന് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കേണ്ടിവരുമെന്ന് ഉറപ്പായി. വിധി വന്നതോടെ കേസില്‍ പാര്‍ട്ടിക്കു യാതൊരു ബന്ധവുമില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാക്കളുടെ വാദമാണ് ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരുലക്ഷത്തിലേറെ വോട്ടിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ പാര്‍ട്ടി ജില്ലാസമ്മേളനം അടുത്ത മാസം നടക്കാനിരിക്കേ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയാണ് ഈ വിധി.