പെരിയ ഇരട്ടക്കൊലക്കേസ്; ഇടത്തേക്കു മാറി, ഇരുട്ടടിയായി വിധി
Saturday, January 4, 2025 3:00 AM IST
കാസര്‍ഗോഡ്: മുന്‍ കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തെ മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനുമായ സി.കെ. ശ്രീധരന് അഭിഭാഷകനെന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും കല്യോട്ട് ഇരട്ടക്കൊലപാതക കേസ് വിധി സമ്മാനിച്ചത് കനത്ത തിരിച്ചടി.
വിചാരണ ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണു കോണ്‍ഗ്രസില്‍നിന്നു സികെയെ സിപിഎം നേതൃത്വം അടര്‍ത്തിയെടുക്കുന്നത്. കേസിലെ പ്രധാനപ്പെട്ട ഒമ്പതു പ്രതികളുടെ വക്കാലത്താണ് സി.കെ. ശ്രീധരന് ഏറ്റെടുത്തത്. 2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ.വി. കുഞ്ഞിരാമനെതിരേമത്സരിച്ച് 9,664 വോട്ടിന് തോറ്റയാളാണ് സി.കെ. ശ്രീധരന്.
2011ല്‍ കെ.കുഞ്ഞിരാമനോട് 11,380 വോട്ടിനും പരാജയപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി നിയമപോരാട്ടം നടത്താന്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്ന സികെയുടെ സിപിഎം പ്രവേശനം ഏറെക്കുറെ അപ്രതീക്ഷിതമായിരുന്നു. 2022ല്‍ കെപിസിസി വൈസ് പ്രസിഡന്റ് പദവിയിലിരിക്കേ തന്റെ ആത്മകഥ പ്രകാശനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്. പ്രതിപക്ഷനേതാവിനെയോ കെപിസിസി പ്രസിഡന്റിനെയോ ക്ഷണിച്ചിരുന്നില്ല.
സംഭവം ഏറെ വിവാദമായിരുന്നു. നവംബര്‍ 17ന് കാസര്‍ഗോട്ട് നടന്ന പത്രസമ്മേളനത്തില്‍ താന്‍ കോണ്‍ഗ്രസ് വിടുകയാണെന്നും സിപിഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്നും പ്രഖ്യാപിച്ചു. പ്രതികളായ സിപിഎം പ്രവര്‍ത്തകരുടെ വക്കാലത്ത് ഏറ്റെടുത്ത് ഡിസംബര്‍ 16നു സിബിഐ കോടതിയില്‍ ഹാജരായി.
ശ്രീധരന് കൂടെനിന്നു ചതിക്കുകയായിരുന്നുവെന്നും അതില്‍ അതിയായ വേദനയുണ്ടെന്നും ശരത്ലാലിന്റെ പിതാവ് സത്യനാരായണന് പറഞ്ഞത്. കേസ് ഏറ്റെടുക്കാനെന്നും പറഞ്ഞ് കേസിന്റെ ഫയലുകളൊക്കെ ഒരുമാസത്തോളം വാങ്ങിവച്ചു പഠിച്ചതാണ്. പിന്നീട് കേസിനു സ്കോപ്പില്ലെന്നു പറഞ്ഞ് മടക്കി നല്കി. അദ്ദേഹത്തിനു ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്നു പോലും ഇപ്പോള്‍ സംശയമുണ്ടെന്നും സത്യനാരായണന് പറയുന്നു.
കേസ് സിബിഐക്കു വിട്ടാല്‍ കേസില്‍ കാലതാമസം വരുമെന്നും ക്രൈംബ്രാഞ്ചിനു വിടുന്നതാണു നല്ലതെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ബോധ്യപ്പെടുത്താന്‍ ശ്രീധരന് ശ്രമിച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും ആരോപിച്ചിരുന്നു.