നടി ദിവ്യ ഉണ്ണി മടങ്ങി
Friday, January 3, 2025 2:31 AM IST
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ടു നടത്തിയ നൃത്തപരിപാടിയില്‍ ഉമ തോമസ് എംഎല്‍എയ്ക്ക് അപകടമുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്കു മടങ്ങി.
ബുധനാഴ്ച രാത്രി 11.30നാണ് കൊച്ചി വിമാനത്താവളത്തില്‍നിന്ന് അവർ മടങ്ങിയത്. സിംഗപ്പുര്‍ വഴി യുഎസിലേക്കുള്ള വിമാനത്തിലായിരുന്നു മടക്കം. ദീര്‍ഘനാളായി ദിവ്യ ഉണ്ണി അമേരിക്കയില്‍ സ്ഥിരതാമസമാണ്.
അതേസമയം, ദിവ്യ ഉണ്ണിയുടെ മൊഴി ആവശ്യമെങ്കില്‍ രേഖപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. സംഘാടകരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
സ്റ്റേജിലെ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതിരുന്നത്, സംഘാടകരുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണു നിലവില്‍ അന്വേഷണം നടക്കുന്നതെന്നും കമ്മീഷണര്‍ പറഞ്ഞു.