വൈകാരികത നിറഞ്ഞ് സ്മൃതിമണ്ഡപം
Saturday, January 4, 2025 3:00 AM IST
കല്യോട്ട്: ഉറ്റവരുടെയും ഉടയവരുടെയും ഹൃദയം നുറുങ്ങുന്ന വേദനയോടെയുള്ള പൊട്ടിക്കരച്ചിലും പാര്‍ട്ടിനേതാക്കളുടെയും പ്രവര്‍ത്തകരുടെയും തൊണ്ടപൊട്ടുമാറുച്ചത്തിലുള്ള മുദ്രാവാക്യങ്ങളും കൊണ്ട് വൈകാരികത നിറഞ്ഞ് കല്യോട്ടെ ശരത്ലാല്-കൃപേഷ് സ്മൃതിമണ്ഡപം.
ഇന്നലെ രാവിലെ 11നുതന്നെ എംപിമാരായ രാജ്മോഹന്‍ ഉണ്ണിത്താന്, ഡീന്‍ കുര്യാക്കോസ്, ജെബി മേത്തര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നു. തൊട്ടുപിന്നാലെ തന്നെ ശരത്ലാലിന്റെ പിതാവ് സത്യനാരായണന്, കൃപേഷിന്റെ അമ്മ ബാലാമണി, മകള്‍ കൃപയുടെ മകള്‍ ദേവാഞ്ജന എന്നിവരും മറ്റു ബന്ധുക്കളും നാട്ടുകാരും സ്മൃതിമണ്ഡപത്തില്‍ എത്തിച്ചേര്‍ന്നു.
ഉച്ചയ്ക്കു 12നു കോടതിവിധി അറിഞ്ഞതോടെ പുഷ്പാര്‍ച്ചന നടത്തി. മകന്റെ കല്ലറയെ കെട്ടിപ്പിടിച്ച് അലമുറയിട്ട് പൊട്ടിക്കരഞ്ഞ ബാലാമണിയെ ജെബി മേത്തര്‍ ആശ്വസിപ്പിച്ചു. സത്യനാരായണന് ശരത്ലാലിന്റെയും കൃപേഷിന്റെയും കല്ലറകളെ ചുംബിച്ചതിനുശേഷം പുഷ്പാര്‍ച്ചന നടത്തി.
സത്യനാരായണന്റെ സഹോദരങ്ങളായ ദാമോദരനും തമ്പായിയും ശരത് ലാലിന്റെ കല്ലറയെ കെട്ടിപ്പിടിച്ചശേഷം നിലത്തിരുന്ന് അലമുറയിട്ടുകരഞ്ഞ കാഴ്ച ഏറെ നൊമ്പരപ്പെടുത്തുന്നതായിരുന്നു. ഡീന്‍ കുര്യാക്കോസും ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറും മുദ്രാവാക്യം വിളിച്ചുകൊടുത്തപ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും സങ്കടം ഉള്ളിലൊതുക്കി ആവേശത്തോടെ ഏറ്റുവിളിച്ചു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന് നായര്‍, ജോമോന് ജോസഫ്, മീനാക്ഷി ബാലകൃഷ്ണന്, ധന്യ സുരേഷ്, എം.സി. പരാകരന്‍, ഗീത കൃഷ്ണന്, കരിമ്പില്‍ കൃഷ്ണന്, മിനി ചന്ദ്രന്, കെ.വി. ഭക്തവത്സലന്, കാര്ത്തികേയന് പെരിയ, പി.വി. സുരേഷ്, സാജിദ് മവ്വല്‍, രാജന് അരീക്കര, രതീഷ് കാട്ടുമാടം എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.