പെരിയ ഇരട്ടക്കൊലക്കേസ്; നിർണായക തെളിവ് നൽകിയ ദീപിക മുൻ ലേഖകന് കോടതിയുടെ പ്രശംസ
Saturday, January 4, 2025 3:00 AM IST
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ നിർണായകമായ തെളിവും മൊഴിയും നൽകാൻ സന്നദ്ധനായ ദീപികയുടെ മുൻ പ്രാദേശിക ലേഖകന് സിബിഐ പ്രത്യേക കോടതിയുടെ പ്രശംസ.
കാഞ്ഞങ്ങാട് ലേഖകനായിരുന്ന മാധവൻ പാക്കമാണു കേസിലെ പ്രധാന തെളിവായ പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനമായ സൈലോ കാറിലേക്കു പോലീസിനെ എത്തിച്ചത്.
പാക്കം എന്ന സ്ഥലത്തു വാഹനം ഒളിപ്പിച്ചിരിക്കുകയാണെന്നും കാണിച്ചുതരാമെന്നും അറിയിച്ചായിരുന്നു പോലീസിന് മാധവന്റെ ഫോൺ കോൾ. പോലീസ് ഉടൻ പാക്കത്തേക്ക് പുറപ്പെട്ടു.
വഴിയിൽ മാധവനും പോലീസ് സംഘത്തിനൊപ്പം ചേർന്നു. ചെറുട്ടയിൽ പൂഴിമൺ റോഡിലൂടെ നീങ്ങിയപ്പോൾ ഒളിപ്പിച്ചനിലയിൽ കാർ കണ്ടെത്തി. വാഹന ഉടമ സജി സി. ജോർജ് ആണെന്നും പോലീസ് കണ്ടെത്തി.
സജിയെ ചോദ്യം ചെയ്തെങ്കിലും ആരാണു വാഹനം ഒളിപ്പിച്ചതെന്നു വ്യക്തമായ മറുപടി നൽകിയില്ല. ഈ സമയം ഉദുമ മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമൻ, ഭാസ്കരൻ വെളുത്തോളി, രാഘവൻ, മണികണ്ഠൻ തുടങ്ങിയവരെത്തി പോലീസിനെ ഭീഷണിപ്പെടുത്തി.
മഞ്ചേശ്വരം സിഐ സിബി അവിടെ എത്തിയെങ്കിലും കുഞ്ഞിരാമന്റെ നേതൃത്വത്തിൽ സജിയെ ബലമായി പോലീസ് ജീപ്പിൽനിന്നു മോചിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു. ഇതിനെല്ലാം മാധവൻ സാക്ഷിയായിരുന്നു. മാധവൻ വിചാരണവേളയിൽ വിശദമായി തെളിവ് നൽകിയെന്ന് വിധിന്യായത്തിൽ പറയുന്നു. മാധവന്റെ മൊഴി വിശ്വസനീയമാണെന്നും കോടതി വിലയിരുത്തി.
ഇതു സംബന്ധിച്ച വാർത്തയും വാഹനത്തിന്റെ ചിത്രവും 2019 ഫെബ്രുവരി 19ന് ദീപിക പ്രസിദ്ധീകരിച്ചിരുന്നു.