എന്‍എസ്എസ് മതനിരപേക്ഷതയുടെ ശ്രേഷ്ഠ ബ്രാന്‍ഡ്: രമേശ് ചെന്നിത്തല
Friday, January 3, 2025 2:31 AM IST
ചങ്ങനാശേരി: മതനിരപേക്ഷതയുടെ ശ്രേഷ്ഠമായ ബ്രാന്‍ഡാണ് എന്‍എസ്എസ് എന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ.
പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് 148-ാമത് മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുന്നയിലെ മണ്ണുമായി ഏറ്റവും ബന്ധമുള്ള ആളാണു താനെന്നും അത് ആര്‍ക്കും പറിച്ചുനീക്കാനാകില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സമുദായങ്ങള്‍ തമ്മില്‍ തല്ലുകൂടണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എന്‍എസ്എസിനോടു നീരസം ഉണ്ടാകാം. ജനങ്ങളില്‍നിന്നു ഭരണകൂടം അകന്നുപോയാല്‍ ജനങ്ങളെ മുന്നിലെത്തിക്കുമെന്നതു വിമോചന സമരത്തിലൂടെ കാണിച്ചുകൊടുത്ത വിപ്ലവകാരിയാണ് മന്നമെന്നും രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആമുഖപ്രസംഗം നടത്തി. പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മന്നം അനുസ്മരണം നടത്തി. എന്‍എസ്എസ് എക്സിക്യൂട്ടീവ് കൗണ്‍സിലംഗം ഹരികുമാര്‍ കോയിക്കല്‍, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. രാവിലെമുതല്‍ മന്നംസമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടന്നു.